ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; ഒന്നാം പ്രതി നിനോ മാത്യുവിന്‌ വധശിക്ഷ;അനുശാന്തിക്ക്‌ ഇരട്ട ജീവപര്യന്തം

imagesതിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒന്നാം പ്രതി നിനോ മാത്യു(40)വിന് വധശിക്ഷ. അനുശാന്തി(32)ക്ക് ഇരട്ട ജീവപര്യന്തം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതി ജഡ്ജി വി ഷെര്‍സാണ് വിധി പ്രസ്താവിച്ചത്. രണ്ടു പ്രതികളും 50 ലക്ഷം രൂപ വീതം പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടാം പ്രതിയായ അനുശാന്തി മാതൃത്വത്തിന് അപമാനമെന്നും കോടതി നിരീക്ഷിച്ചു.

പിഞ്ചു കുഞ്ഞിന്റെ ജീവിതം മുളയിലേ നശിപ്പിച്ചു. എത്ര പെര്‍ഫ്യൂം കൊണ്ട് കഴുകിയാലും നിനോയുടെ ദുര്‍ഗന്ധം മാറില്ല, പ്രതികള്‍ കുറ്റകൃത്യം നടത്തിയത് കാമപൂര്‍ത്തീകരണത്തിനെന്നും കോടതി പരാമര്‍ശമുന്നയിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കൊലപാതകത്തിനു നല്‍കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രതിയെ പുറത്തുവിട്ടാല്‍ അത് സമൂഹത്തിനു തന്നെ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച മനസാക്ഷിയില്ലാത്ത കൊലപാതകമാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകമെന്ന് നേരത്തെ കോടതി പരാമര്‍ശം ഉണ്ടായിരുന്നു.

രണ്ടാം പ്രതി അനുശാന്തിക്ക് നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കില്ലാത്തതിനാല്‍ പ്രതിയുടെ ആരോഗ്യം കണക്കിലെടുത്തുകൊണ്ടുമാണ് അനുശാന്തിക്ക് വധശിക്ഷ നല്‍കാത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഒന്നാം പ്രതിക്കുള്ള എല്ലാ സഹായങ്ങളും അനുശാന്തി ഒരുക്കിയെന്നതിനാലാണ് ഇരട്ട ജീവപര്യന്തം വിധിച്ചതെന്ന് പോസിക്യൂഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കുഞ്ഞിനേക്കാള്‍ നീളമുള്ള ആയുധമുപയോഗിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ ഇരുവര്‍ക്കും നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്ന് കോടതി വിധിന്യായത്തില്‍ പ്രതികരിച്ചു.സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പ്രതികളില്‍ നിന്നും കനത്ത പിഴ ഈടാക്കണമെന്നും പ്രോസിക്യൂഷന്‍ വിഎസ് വിനീത് കുമാര്‍ വാദിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് നേരിട്ട തെളിവില്ലെന്നും സാഹചര്യത്തെളിവ് മാത്രം പരിഗണിച്ച് വധശിക്ഷ വിധിക്കരുതെന്നും എതിര്‍ഭാഗം വാദിച്ചു.

2014 ഏപ്രില്‍ 16 നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ നിനോ മാത്യുവും കാമുകി അനുശാന്തിയും ഒരുമിച്ച് ജീവിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നാണ് കുറ്റപത്രം. ഇതിനായി 2014 ജനുവരി മാസത്തില്‍ അനുശാന്തി തന്റെ വീടിന്റെ സമഗ്ര ദൃശ്യങ്ങളും വീട്ടിലേക്ക് എത്താനുള്ള വഴികളും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി നിനോ മാത്യുവിന് കൈമാറിയിരുന്നു.തുടര്‍ന്ന് 2014 ഏപ്രില്‍ 16 ന് കൊലനടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തി. അപ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലതീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ലതീഷിന്റെ സുഹൃത്താണെന്ന് നിനോ പറഞ്ഞതനുസരിച്ച് ഓമന ലതീഷിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിനോ നാല് വയസ്സുള്ള കുഞ്ഞിനേയും ഓമനേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.