ആറു ഗ്രാമിയുമായി അദേല്‍

സംഗീതരംഗത്തെ ഏറ്റവും പ്രശസ്ത പുരസ്‌കാരമായ ഗ്രാമിയുടെ 54-ാം പ്രഖ്യാപനവേദിയില്‍ നിര്‍ദ്ദേശിക്കപ്പെട്ട ആറിനത്തിലും റെക്കോര്‍ഡ് നേട്ടവുമായി അദേല്‍.
ചികില്‍സക്കുശേഷം തിരിച്ചെത്തിയ ആദേല്‍ മടങ്ങിവരവ് അവിസ്മരണീയമാക്കിയിരിക്കുകയാണ്. ചികില്‍സയ്ക്കു ശേഷം ആദ്യമായി പൊതുവേദിയില്‍ പാടിയ അദേലായിരുന്നു പരിപാടിയിലെ താരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരം അദേല്‍ നേടിയത് റിയാന്ന, ബ്രൂണോ, മാര്‍സ്, ലേഡി ഗഗ തുടങ്ങിയവരെ പിന്തള്ളിയാണ്.

 

വിറ്റ്‌നി ഹൂസ്റ്റണിന്റെ അകാല മരണം ദു:ഖത്തിലാഴ്ത്തിയ വേദിയില്‍ പ്രഖ്യാപിച്ച ഗ്രാമി പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം മരണാനന്തര ബഹുമതിയായി. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിനും സംഗീതപ്രണയികളുടെ നൊമ്പരസ്മൃതിയായ ആമി വൈന്‍ഹൗസിനും. സംഗീതവ്യവസായത്തിനു നല്‍കിയ സംഭാവനകള്‍ക്കാണ് ജോബ്‌സിന്റെ പുരസ്‌കാരം. ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് എഡ്ഡികൂ അത് ഏറ്റുവാങ്ങി. ടോണി ബെനറ്റുമായി ചേര്‍ന്നു പാടിയ യുഗ്മഗാനത്തിനാണ് ആമിക്ക് പുരസ്‌കാരം. ആമിയുടെ അച്ഛനമ്മമാര്‍ സന്നിഹിതരായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഗായിക ഗ്രാമി പ്രഖ്യാപനത്തെ ഏറെ ആഹ്ലാദത്തോടെ വരവേറ്റു.