ആറന്മുള വിമാനത്താവളം: കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ദില്ലി: ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കെ ജി എസ് ഗ്രൂപ്പിന്റെ വാദങ്ങള്‍ തൃപ്തികരമെന്നും വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ജൂലായ് 29 ന് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്. വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ അമുമതി നല്‍കരുതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അപേക്ഷ വിദഗ്ധ സമിതി തള്ളി.

ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി തേടി കെജിഎസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കിയിരുന്നു. മുമ്പുളള അപേക്ഷയില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ തിരുത്തി, വികസിപ്പിച്ചാണ് കെജിഎസ് ഗ്രൂപ്പ് പുതിയ അപേക്ഷ നല്‍കിയിരുന്നത്. റണ്‍വെ നിലവിലെ രൂപത്തില്‍ നിലനിറുത്തണം എന്നും കൈത്തോട് പുനഃസ്ഥാപിക്കാന്‍ ആകില്ലെന്നും അപേക്ഷയില്‍ കെജിഎസ് വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന കെജിഎസിന്റെ വിവാദവും മന്ത്രാലയം അംഗീകരിച്ചു.

ജനസാന്ദ്രത കൂടിയ കേരളത്തില്‍ ആറന്മുളയല്ലാതെ 500 ഏക്കര്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു സ്ഥലം ലഭ്യമല്ലെന്നും മൂന്നിലൊന്നു മലയാളികള്‍ വിമാനയാത്ര നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും ആറുകോടി ആളുകള്‍ വര്‍ഷം തോറും ശബരിമലയിലെത്തുന്നുവെന്നും കെജിഎസ് നേരത്തേ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ക്കു പുറമേ മറ്റൊരു വിമാനത്താവളം കൂടി മധ്യകേരളത്തില്‍ വേണമെന്നും അപേക്ഷയില്‍ കെജിഎസ് ഗ്രൂപ്പ് വ്യക്തമാക്കുന്നുണ്ട്.

ആറന്മുള വിമാനത്താവളപദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചു കൊണ്ടുളള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിരുന്നു.