ആറന്മുള വിമാനത്താവളം: അനുമതി പുനഃപരിശോധിയ്ക്കും

aranmula airport_0_0ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധസമിതി കെ ജി എസ് ഗ്രൂപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമായി.

ഏപ്രില്‍ 23 ന് ചേര്‍ന്ന വിദഗ്ദ്ധസമിതി യോഗത്തിന്റെ മിനിട്‌സിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മാത്രമാണ് കെ ജി എസ് ഗ്രൂപ്പിന് വിദഗ്ദ്ധസമിതി സമയം അനുവദിച്ചത്.

അതേ സമയം, ആറന്‍മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. പ്രതിരോധ മന്ത്രാലയവും ഹരിത ട്രൈബ്യൂണലും അനുമതി നിഷേധിച്ച സാഹചര്യത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അന്താരാഷ്ട്ര വിമാനത്താവള ഹബ്ബില്‍ നിലവില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ വിദഗ്ദ്ധസമിതിയുടെ അനുമതി ലഭിച്ചുവെന്നാണ് കെ ജി എസ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്. വിമാനത്താവളത്തിന് ആദ്യം നല്‍കിയ അനുമതി ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിച്ച് കഴിഞ്ഞ വര്‍ഷം ഹരിത ട്രിബ്യൂണല്‍ നിഷേധിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് വീണ്ടും നല്‍കിയ അപേക്ഷ പരിഗണിച്ച് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കി എന്നായിരുന്നു കെ ജി എസ്സിന്റെ അവകാശവാദം.