ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനം;മുഖ്യമന്ത്രി പങ്കെടുക്കില്ല

Story dated:Saturday December 12th, 2015,06 20:pm

umman chandiതിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ തീരുമാനം. ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചില കേന്ദ്രങ്ങള്‍ക്ക്‌ എതിര്‍പ്പെന്ന്‌ വെള്ളാപ്പളളി അറിയിക്കുകയായിരുന്നു. ചടങ്ങലില്‍ നിന്ന്‌ മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്‌ ബി ജെ പി കേന്ദ്രങ്ങളാണെന്നാണ്‌ സൂചന.

മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ എതിര്‍പ്പുണ്ടെന്നും പരിപാടിയില്‍ നിന്ന്‌ ഒഴിഞ്ഞു നിന്ന്‌ സഹായിക്കണമെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട്‌ ഫോണില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നത്‌. വെള്ളാപ്പള്ളിയാണ്‌ പരിപാടിയിലേക്ക്‌ മുഖ്യമന്ത്രിയെ അധ്യക്ഷനായി ക്ഷണിച്ചത്‌.
അതെസമയം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ രണ്ടുവിധത്തില്‍ ബാധ്യസ്ഥനാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആര്‍ ശങ്കര്‍ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ആയിരുന്നു. കൂടാതെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരം പൊതുമര്യാദ അനുസരിച്ചും പങ്കെടുക്കേണ്ട ഉത്തരവാദിത്വമുണ്ട്‌. എന്നാല്‍ തന്നെ ക്ഷണിച്ച സംഘാടകര്‍ തന്നെ മറ്റൊരു നിലപാട്‌ സ്വീകരിച്ചതിനാലാണ്‌ തനിക്ക്‌ ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറയുന്നു.

പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യം മുഖ്യമന്ത്രിയെ അറിയിക്കും. എന്നാല്‍ പ്രധാനമന്ത്രിയെ കൊച്ചി വിമാനത്താവളത്തില്‍ സ്വീകിരിക്കാന്‍ മുഖ്യമന്ത്രിയുണ്ടാകും.