ആര്‍ എസ് എസ്-ശിവസേന ഏറ്റുമുട്ടല്‍: ചേരിപ്പോര് തെരുവിലേക്കിറങ്ങുന്നു

താനൂര്‍: കഴിഞ്ഞ ദിവസം ആര്‍ എസ് എസ്-ശിവസേന പ്രവര്‍ത്തകര്‍ താനൂര്‍ ചിറക്കലില്‍ തമ്മില്‍ തല്ലിയത് പ്രദേശത്തെ സംഘടനക്കുള്ളിലെ ചേരിപ്പോര് മറനീക്കി. പുതുവത്സരദിനത്തിലെ നിസാര തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെങ്കിലും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംഘ്പരിവാറിലെ ചേരിപ്പോരാണ് ഏറ്റമുട്ടലിലെത്തിച്ചത്.

താനൂര്‍ പഞ്ചായത്തില്‍ സംഘ്പരിവാറിന് ഏറ്റവും ആധിപത്യമുള്ള പ്രദേശമായ ഇവിടെ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനോടനുബന്ധിച്ച് മുതിര്‍ന്ന നേതാവിനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് താനൂര്‍ സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും ബി ജെ പിയില്‍ നിന്നും 3 നേതാക്കളെ പുറത്താക്കി. ഇവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് ശിവസേന രൂപം കൊണ്ടതോടെയാണ് പ്രദേശത്തെ ചില കുടുംബ വഴക്കുകളും മറ്റും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത്. ശിവസേനയുടെ രൂപീകരണത്തോടെ പ്രദേശത്ത് ആര്‍ എസ് എസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് വ്യാപകമായതും സംഘട്ടനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

പോലീസ് നിരീക്ഷണത്തിനിടെയാണ് സംഘ്പരിവാറിന്റെ സ്വാധീനമേഖലയിലെ പുതിയ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇത് പ്രദേശത്തെ ചിലരുടെ ആസൂത്രിത നീക്കങ്ങളാണെന്നും പ്രചാരമുണ്ട്.