ആയുഷ്‌മന്ത്രാലയത്തില്‍ യോഗ പരിശീലിപ്പിക്കാന്‍ മുസ്ലീംങ്ങളെ പരിഗണിക്കേണ്ടെന്നാണ്‌ കേന്ദ്രനയമെന്ന്‌ വിവരാവകാശ റിപ്പോര്‍ട്ട്‌

ayush-ministryദില്ലി: ആയുഷ്‌മന്ത്രാലയത്തിന്‌ കീഴില്‍ യോഗ പരിശീലകരെ തെരഞ്ഞെടുക്കുമ്പോള്‍ മുസ്ലീം അപേക്ഷകരെ പരിഗണിക്കേണ്ടതില്ലെന്ന്‌ വിവരാവകാശ റിപ്പോര്‍ട്ട്‌.

സര്‍ക്കാര്‍ നയപ്രകാരമാണ് മുസ്ലീം അപേക്ഷകരെ അഭിമുഖത്തിന് പോലും ക്ഷണിക്കാതിരുന്നതെന്ന് ദി മിലി ഗെസറ്റ് പുറത്തുവിട്ട അന്വേഷണത്മക റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ യോഗ ദിനത്തില്‍ വിദേശ പരിശീലകരായി നിയമിക്കുന്നതില്‍ നിന്ന് മുസ്ലിം അധ്യാപരെയും ട്രെയിനര്‍മാരെയും ആയുഷ് മന്ത്രാലയം ഒഴിവാക്കിയതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക് പ്രതികരിച്ചു. 2015 ലെ ലോക യോഗ ദിനത്തോട് അനുബന്ധിച്ച് വിദേശത്തെ ഹ്രസ്വ നിയമനത്തിനായി ആകെ 721മുസ്ലിം പരിശീലകരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് ആരെയും അഭിമുഖത്തിന് വിളിച്ചില്ല.

2015 ഒക്ടോബര്‍ വരെ 3841 മുസ്ലിംങ്ങളാണ് യോഗ അധ്യാപകരുടെയും പരീശീലകരുടെയും തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഒരാളെപ്പോലും ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടില്ല. ആയുര്‍വേദം, യോഗ, നാചുറോപ്പതി,യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ആയുഷ്.

കേന്ദ്ര സര്‍ക്കാറിന്റെ നയമനുസരിച്ച് ഒരു മുസ്ലിമിനെയും ഞങ്ങള്‍ ഇതിലേക്ക് തെരെഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്യുന്നില്ല എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. അതേസമയം ആയുഷ് മന്ത്രാലയത്തിലെ നിയമനവുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖ പ്രകാരം പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് ആയുഷ് മന്ത്രി പഠ്‌നായിക് പ്രതികരിച്ചു.