ആയുര്‍വേദ കോളെജ്‌ ശതാബ്‌ദി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി

കോട്ടക്കല്‍: കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ്‌. വാര്യര്‍ ആയുര്‍വേദ കോളെജ്‌ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം പത്മഭൂഷണ്‍ ഡോ പി.കെ. വാര്യര്‍ നിര്‍വഹിച്ചു. കോളെജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അബ്‌ദുസ്സമദ്‌ സമദാനി എം.എല്‍.എ. അധ്യക്ഷനായി. 1917 ല്‍ ആരംഭിച്ച ആയുര്‍വേദ കോളെജ്‌ ശതാബ്‌ദി യോടനുബന്ധിച്ച്‌ 2016 ജനുവരി 13 മുതല്‍ 2017 ജനുവരി 13 വരെ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളത്‌. ഈ കാലയളവില്‍ അക്കാദമിക്‌- പശ്ചാത്തല മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ കോളെജ്‌ ലക്ഷ്യമിടുന്നത്‌. അതിനായി വിവിധ പദ്ധതികള്‍ ഒരു വര്‍ഷത്തിനിടയില്‍ നടപ്പാക്കും. പരിപാടിയില്‍ കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ. നാസര്‍, എടരിക്കോട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആബിദ തൈക്കാട്ടില്‍, ജമീല അബൂബക്കര്‍, ഡോ. പി. മാധവന്‍കുട്ടി വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.