ആനന്ദിബെന്‍ രാജിവച്ചു

Story dated:Tuesday August 2nd, 2016,12 13:pm

Untitled-1 copyഅഹമ്മദാബാദ് : ഗുജറാത്തില്‍ അടുത്തവര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചു.  ദളിത്– ന്യൂനപക്ഷവേട്ടയ്ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്ന സാഹചര്യത്തിലാണ് രാജി. ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായക്കാരുടെ പിന്തുണ നഷ്ടമായതും ബിജെപിയിലെ തര്‍ക്കങ്ങളും പൊടുന്നനെയുള്ള രാജിക്ക് കാരണമായി. എന്നാല്‍, പ്രായക്കൂടുതല്‍ കൊണ്ടാണ് രാജിയെന്നാണ് ആനന്ദിബെന്നിന്റെ വിശദീകരണം. രാജിക്കത്ത് ഗവര്‍ണര്‍ ഓം പ്രകാശ് കോലിക്ക് കൈമാറി. രാജിക്ക് അനുമതി തേടി സംസ്ഥാന അധ്യക്ഷന്‍ മുഖേന ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്കും കത്തുനല്‍കി.

നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ 2014 മെയ് 22നാണ് ആനന്ദിബെന്‍ പട്ടേല്‍ ചുമതലയേറ്റത്. സംസ്ഥാനത്തെ ആദ്യ വനിതാമുഖ്യമന്ത്രി കൂടിയാണ് അവര്‍. നവംബര്‍ 21ന് 75 വയസ്സ് പൂര്‍ത്തിയാകുമെന്നും ഈ സാഹചര്യത്തില്‍ സ്ഥാനം രാജിവയ്ക്കാന്‍ അനുവദിക്കണമെന്നുമാണ് പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനിക്ക് കൈമാറിയ കത്തില്‍ പറയുന്നത്. സ്ഥാനങ്ങളില്‍ തുടരാന്‍ പാര്‍ടി പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് പറയുന്ന കത്ത് അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ്ചെയ്തു.  കത്ത് പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ അവതരിപ്പിച്ചശേഷം അന്തിമതീരുമാനമെടുക്കുമെന്ന് അമിത് ഷായും പ്രതികരിച്ചു. 1995ലാണ് ഗുജറാത്തില്‍ ആദ്യമായി ബിജെപി അധികാരത്തിലേറിയത്. 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി.  രണ്ട് പതിറ്റാണ്ട് ഗുജറാത്തില്‍ ബിജെപി തുടര്‍ച്ചയായി ജയിച്ചു. കഴിഞ്ഞ വര്‍ഷം പട്ടേല്‍ വിഭാഗക്കാര്‍ സംവരണപ്രക്ഷോഭം തുടങ്ങിയത്.  പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാന്‍ ശ്രമിച്ചു. പൊലീസ് ആക്രമണങ്ങളില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. സമരത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനെ മാസങ്ങളോളം ജയിലിലിട്ടു. പട്ടേല്‍ ഇപ്പോള്‍ രാജസ്ഥാനിലാണ്.

സംവരണപ്രക്ഷോഭം തുടരവെ  ഉയര്‍ത്തികാട്ടി ദളിത് വിഭാഗക്കാരും സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഗോരക്ഷാസമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണം രൂക്ഷമായതോടെ ദളിത് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കി. സര്‍ക്കാര്‍വിരുദ്ധ യോഗങ്ങളില്‍  ദളിത്–പിന്നോക്ക വിഭാഗക്കാരുടെ വന്‍ പങ്കാളിത്തമാണ് ഉണ്ടാകുന്നത്.