ആഢ്യന്‍പാറ ജല വൈദ്യുത പദ്ധതി മുഖ്യമന്ത്രി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു

മലപ്പുറം:ജില്ലയിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു. ജലവൈദ്യുത പദ്ധതികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടുളള സാഹചര്യത്തില്‍ ആഢ്യന്‍പാറ പദ്ധതിക്ക്‌ ഏറെ പ്രാധ്യാന്യമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കും. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ കെഎസ്‌.സിബി അധികൃതരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
നിര്‍ദിഷ്ടസമയത്തിന്‌ ഒരുമാസം മുമ്പ്‌ പദ്ധതി പൂര്‍ത്തിയാക്കിയ കെഎസ്‌.സിബി ജീവനക്കാര്‍ക്ക്‌ 10,000 കാഷ്‌ അവാര്‍ഡും ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിയും നല്‍കുമെന്ന്‌ അധ്യക്ഷനായ ഊര്‍ജവകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. 3.5 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഇവിടെ ഉല്‍പാദന ശേഷി. പവര്‍ ഹൗസില്‍ ഒരുക്കിയ ഒന്നര മെഗാവാട്ട്‌ ശേഷിയുളള രണ്ടും അര മെഗാവാട്ട്‌ ശേഷിയുളള ഒരു ജനറേറ്ററുമാണ്‌ പ്രവര്‍ത്തിപ്പിക്കുക. 9.01 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി പ്രതിവര്‍ഷം സംസ്ഥാന പവര്‍ഗ്രിഡിലേക്ക്‌ ലഭിക്കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി 14.5 കിലോമീറ്റര്‍ നീളമുളള പുതുതായി നിര്‍മ്മിച്ച 33 കെ.വി പ്രസരണ ശൃംഖലയിലൂടെ നിലമ്പൂര്‍ 66 കെ.വി സ്റ്റേഷനില്‍ വിതരണത്തിനായി എത്തിക്കും.
2013 ല്‍ 27.07 കോടിയാണ്‌ പദ്ധതിക്കായി നീക്കിവച്ചിരുന്നത്‌. 23.936 കോടിയാണ്‌ ചെലവായി. നിശ്ചിത കാലാവധിക്കുളളില്‍ പണിപൂര്‍ത്തിയാക്കി ജൂലൈ 30 ന്‌ വൈദ്യുതി ബോര്‍ഡിനു കൈമാറി. ആഢ്യന്‍പാറക്ക്‌ ഒന്നര കിലോമീറ്റര്‍ അകലെ മീതംമായംപളളിയില്‍ തടയണ നിര്‍മിച്ച്‌ വെളളം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഭൂഗര്‍ഭ സംഭരണിയിലും തുടര്‍ന്ന്‌ പെന്‍സ്റ്റോക്ക്‌ വഴി പവര്‍ ഹൗസിലും എത്തിച്ചാണ്‌ വൈദ്യുതി ഉല്‍പ്പാദനം. നിര്‍മാണത്തിലിരിക്കുന്ന പോത്തുകല്‍ സബ്‌സ്‌റ്റേഷനിലേക്ക്‌ 10 കിലോമീറ്റര്‍ ദൂരം ലൈന്‍ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്‌.
മിച്ചം വന്ന തുക ഉപയോഗിച്ചാണ്‌ ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്‌. വിനോദ സഞ്ചാരികള്‍ക്ക്‌ ചെക്ക്‌ ഡാം, തുരങ്കം, പവര്‍ ഹൗസിന്റ പ്രവര്‍ത്തനം എന്നിവ കാണാന്‍ സൗകര്യമുണ്ടാകും. പരിസരത്ത്‌ പൂന്തോട്ടം, വാച്ച്‌ ടവര്‍, ഇക്കോ ഷോപ്പ്‌, മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ സഞ്ചരിക്കാന്‍ വാഹനം (ബഗി) എന്നിവ ക്രമീകരിക്കും. റോഡുകള്‍ ടൈല്‍ പാകി മോടികൂട്ടും. രണ്ട്‌ മാസം കൊണ്ട്‌സഞ്ചാരികള്‍ക്ക്‌ തുറന്ന്‌ കൊടുക്കും.
എം.പി.മാരായ എം.ഐ. ഷാനവാസ്‌, പി.വി അബ്ദുള്‍ വഹാബ്‌, കെ.എസ്‌.ഇ.ബി. ഡയറക്‌ടര്‍ അഡ്വ.ബി. ബാബുപ്രസാദ്‌, ചെയര്‍മാന്‍ എം. ശിവശങ്കര്‍, ജില്ലാ കലക്ടര്‍ ടി.ഭാസ്‌കരന്‍, ജനപ്രതിനിതികള്‍ എന്നിവര്‍ പങ്കെടുത്തു.