ആഡംബരത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്‌ ഖത്തറിലുള്ളവര്‍

Story dated:Friday April 22nd, 2016,12 57:pm

Untitled-1 copyദോഹ: ആഡംബരങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത്‌ ഖത്തര്‍ നിവാസികളെന്ന്‌ അമേരിക്കന്‍ എക്‌സ്‌പ്രസ്‌-അമെക്‌സ്‌ റിപ്പോര്‍ട്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ്‌ പണം ചെലവഴിക്കാനുള്ള പ്രവണത ഏറ്റവും കൂടുതല്‍ ഖത്തര്‍ നിവാസികള്‍ക്കാണെന്ന്‌ കണ്ടെത്തിയത്‌. ആഢംബര വസ്തുക്കള്‍ക്കായി മാസംതോറും ശരാശരി 4,000 യു.എസ് ഡോളറെങ്കിലും ഖത്തറിലുള്ളവര്‍ ചെലവിടുന്നതായാണ് സര്‍വേയിലെ കണ്ടത്തെല്‍. ഇതേ ആവശ്യങ്ങള്‍ക്കായി മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ ചെലവിടുന്ന തുകയുടെ രണ്ടിരട്ടിയോളമാണ് ഇതെന്നും മേഖലയിലെ സമ്പന്നര്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ആഢംബരങ്ങള്‍ക്കായി ചെലവഴിക്കുന്നതും ഖത്തരികള്‍ തന്നെ. സര്‍വേയില്‍ പങ്കെടുത്ത 41 ശതമാനം പേര്‍ 1001 മുതല്‍ 5,000 വരെ ആഡംബരങ്ങള്‍ക്കായി ചെലവിടുമ്പോള്‍, 31 ശതമാനം 5,000 ഡോളറാണ് ചെലവിടുന്നത്. 19 ശതമാനം 501 മുതല്‍ 1,000 വരെയും, എട്ട് ശതമാനം 250 മുതല്‍ 500 വരെയും ചെലവിടുന്നു. 250 ഡോളറിന് താഴെ ഇതിനായി മാറ്റിവെക്കുന്നവര്‍ വെറും ഒരു ശതമാനം മാത്രമാണെന്ന് അമെക്സ് മിഡില്‍ഈസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മാസിന്‍ ഖൗരി പറഞ്ഞു.

ഖത്തരികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കാനായി ഏറ്റവും കൂടുതലായി എത്തുന്നത് യു.എ.ഇയിലാണ്. സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും ചെന്നത്തെുന്നത് ദുബൈയിലാണ്. 16 ശതമാനം ദോഹയില്‍ നിന്നുതന്നെയും 15 ശതമാനം അബൂദബിയിലും 14 ശതമാനം കുവൈത്തിലും നാല് ശതമാനം ബെയ്റൂത്തിലും, മൂന്ന് ശതമാനം മനാമയിലും രണ്ട് ശതമാനം അമ്മാനിലും മസ്കത്തിലും ഒരു ശതമാനം റിയാദിലും എത്തുന്നു. ധനവിനിയോഗം കുറക്കാന്‍ താല്‍പര്യപ്പെടാത്തവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ അധികവും. ആകെ 25 ശതമാനം പേര്‍ മാത്രമേ ചെലവിടുന്ന തുകയില്‍ കുറവുവരുത്താറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചത്.