ആഗോള ആയുര്‍വേദ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെന്നുന്നു

കോഴിക്കോട്‌ ആഗോള ആയുര്‍വേദ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന്‌ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനും യാത്രയയ്‌ക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫെബ്രുവരി രണ്ടിന്‌ രാവിലെ 11.30 ന്‌ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്‌റ്റര്‍ വഴിയാണ്‌ കോഴിക്കോട്ടേക്ക്‌ പോകുക. ഉച്ചയ്‌ക്ക്‌ 1.35 ന്‌ കരിപ്പൂര്‍ വഴി തിരിച്ചുപോകും. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനും യാത്രയയ്‌ക്കുന്നതിനും ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ കരിപ്പൂരിലെത്തും.
കലക്‌ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. കെ.രാധാകൃഷ്‌ണന്‍, പെരിന്തല്‍മണ്ണ സബ്‌കലക്‌ടര്‍ ജഅ്‌ഫര്‍ മാലിക്‌, തിരൂര്‍ ആര്‍.ഡി.ഒ. ജെ.ഒ. അരുണ്‍, ജില്ലാ പൊലീസ്‌ മേധാവി കെ. വിജയന്‍, എയര്‍പോര്‍ട്ടിലെ സി.ഐ.എസ്‌.എഫ്‌. മേധാവി ദാനിയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.