അസിന് പ്രണയമില്ലത്രേ..

ബോളിവുഡ് നടന്‍ നീല്‍നിതിന്‍ മുകേഷുമായി താന്‍ പ്രണയത്തിലല്ലെന്ന് ഹിന്ദി സിനിമയിലെ മലയാളി സുന്ദരി അസിന്‍ തോട്ടുങ്കല്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകളെല്ലാം തന്നെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അതിന് താന്‍ യാതൊരു പ്രാധാന്യവും നല്‍കുന്നല്ലെന്നും അസിന്‍ വ്യക്തമാക്കുന്നു.

 

അസിനും നീല്‍ നിതിന്‍ മുകേഷും തമ്മില്‍ പ്രണയത്തിലാണെന്നും എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞുവെന്നുമാണ് ബോളിവുഡില്‍ ശ്രുതി പരന്നത്. മുകേഷിന്റെ പിതാവിന് ഈ ബന്ധം ഇഷ്ടമല്ലായിരുന്നതാണ് ഇരുവരും പിരിയാന്‍ കാരണമെന്നാണ് സിനിമാരംഗത്ത് പറഞ്ഞുകേട്ടത്. എന്നാല്‍ ഇതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്നും യഥാസമയം അവയെല്ലാം ‘മരിക്കും’ എന്നും അസിന്‍ പറഞ്ഞു.
അക്ഷയ്കുമാറുമൊത്തുള്ള ‘ഹൗസ്ഫുള്‍-2’ എന്ന ചിത്രത്തിന്റെ പ്രചരണത്തിരക്കിലാണ് അസിനിപ്പോള്‍. ചിത്രത്തിനായി താന്‍ ശരീരഭാരം 10 കിലോ കുറച്ചതായുള്ള റിപ്പോര്‍ട്ടുകളും അസിന്‍ തള്ളി. നാലു കിലോ വരെ ശരീരഭാരം കുറച്ചുവെന്നത് സത്യമാണ്. എന്നാല്‍ അത് ‘ഹൗസ്ഫുള്‍-2’ ന്റെ സംവിധായകന്‍ സാജിദ് ഖാന്റെ നിര്‍ദ്ദേശപ്രകാരമല്ല. മറിച്ച് സ്വന്തം തീരുമാനമായിരുന്നെന്നും അസിന്‍ പറഞ്ഞു.
നിര്‍മ്മാതാക്കള്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ താന്‍ പുതിയ സിനിമയെകുറിച്ചോ കഥാപാത്രത്തെ കുറിച്ചോ ഒന്നും സംസാരിക്കില്ലെന്ന് അസിന്‍ വ്യക്തമാക്കി.