അഴിമതി തടയുന്നതില്‍ സോണിയയെ മാതൃകയാക്കണമെന്ന്‌ മനേക ഗാന്ധി

downloadപിലിഭിത്ത്: അഴിമതി തടയുന്നതില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ മാത്യകയാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി. സ്വന്തം ലോക്‌സഭാ മണ്ഡലമായ പിലിഭിത്തില്‍ ചേര്‍ന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഭര്‍തൃസഹോദരന്റെ ഭാര്യകൂടിയായ സോണിയയെ മനേക പ്രശംസിച്ചത്.

സോണിയയുടെ മാതൃകാപരമായ ചില നിലപാടുകള്‍ മേനേക ചൂണ്ടിക്കാണിക്കുകയും ചെയ്തു. തന്റെ പേര് ദുരുപയോഗം ചെയ്ത ഒരു ബന്ധുവിനെ സോണിയ എങ്ങനെ കൈകാര്യം ചെയ്തു എന്ന കാര്യമായിരുന്നു അതിലൊന്ന്. ഒരിക്കല്‍ സോണിയയുടെ ബന്ധു ഒരു കച്ചവട സ്ഥാപനം തുടങ്ങി. സോണിയയുടെ പേരു പറഞ്ഞായിരുന്നു അയാള്‍ കച്ചവടം നടത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സോണിയ തന്റെ പേര് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു കാണിച്ച് അയാള്‍ക്കെതിരെ പത്രത്തില്‍ പരസ്യം നല്‍കി. അഴിമതിയ്‌ക്കെതിരെ പത്രത്തില്‍ പരസ്യം ചെയ്യുകയോ ഓഫീസില്‍ ബോര്‍ഡ് തൂക്കുകയോ ആണ് വേണ്ടതെന്നും മനേക പറഞ്ഞു.

അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് ശരിയല്ല. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മനേക കൂട്ടിച്ചേര്‍ത്തു