അഴിമതി ആരോപണം: കൃഷിവകുപ്പ് ഡയറക്ടറെ മാറ്റി

ashok-kumar-thekkan_577601തിരുവനന്തപുരം: അഴിമതി ആരോപണ വിധേയനായതിനെ തുടര്‍ന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ സ്ഥാനത്ത് നിന്ന് നീക്കി. വിജിലൻസ് അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്. മുൻ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണത്തെ തുടർന്നാണ് നടപടി. .കൊപ്ര സംഭരണം, സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍, ഹോര്‍ട്ടികോര്‍പ്പില്‍ നടന്ന ക്രമക്കേടുകള്‍, കേര ഫെഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ എന്നിവ പരിശോധിച്ച ശേഷം കൃഷി മന്ത്രി വിഎസ് സുനില്‍കുമാറാണ് കൃഷി ഡയറക്ടര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.

ഇന്നലെ വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തെക്കനെ മാറ്റിയത് .

നിലവില്‍ അശോക് കുമാര്‍ തെക്കന്‍ കൈകാര്യം ചെയ്തിരുന്ന വെജിറ്റബിള്‍ ആന്റ് ഫൂട്ട്സ് പ്രമോഷന്‍ കൌണ്‍സില്‍ സിഇഒ സ്ഥാനവും, നാളികേര വികസന കോര്‍പ്പറേഷന്‍ എംഡി സ്ഥാനവും കൃഷി സെക്രട്ടറി രാജു നാരായണ സ്വാമിക്ക് നല്‍കും. അഡീഷണല്‍ ഡയറക്ടര്‍ക്കാണ് ഇനി കൃഷി ഡയറക്ടറുടെ താല്‍കാലിക ചുമതല. വിജിലന്‍സ് അന്വേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ അശോക് കുമാര്‍ തെക്കനെ സസ്പെന്റ്് ചെയ്തേക്കും.