അഴിക്കോടിനെ അനുസ്മരിക്കുന്നു

മറഞ്ഞത്‌ സുവര്‍ണകാലത്തിന്റെ സൂര്യന്‍:  ആര്‍.എസ്. പണിക്കര്‍

സുകുമാര്‍ അഴീക്കോട് മലയാള വകുപ്പ് മേധാവിയായും പിന്നീട് വി.സി. യായും ഉണ്ടായിരുന്ന കാലഘട്ടം കോഴിക്കോട് സര്‍വ്വകലാശാലയുടെ സുവര്‍ണ കാലഘട്ടമായിരുന്നു എന്ന് കോഴിക്കോട് സിന്‍ഡിക്കേറ്റ് മെമ്പര്‍ ആര്‍.എസ്. പണിക്കര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും അദ്ദേഹവുമായുള്ള അടുപ്പവും ബന്ധവും വിദ്യാര്‍ത്ഥികളും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ തങ്ങളുടെ അന്തസ്സിന്റെയും മികവിന്റെ സ്വീകാര്യതയുടെയും സാക്ഷ്യമാക്കി അഭിമാനം കൊണ്ടിരുന്നു. അഴീക്കോടിന്റെ വിയോഗം കേരള സമൂഹത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നവോത്ഥാനത്തിന്റെ വിമര്‍ശന സ്വരൂപം: ഡോ ആസാദ്

നവോത്ഥാന പ്രസ്ഥാനത്തിന്റെ പാമ്പര്യം അവകാശപ്പെടാവുന്ന സാമൂഹ്യ വിമര്‍ശകനായിരുന്നു അഴിക്കോട്മാഷെന്ന് ഡോ ആസാദ് പറഞ്ഞു. വാഗ്ഭടാനന്ദന്റെ ഈ ശിഷ്യന്റെ വിമര്‍ശനങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ അപ്രമാദിത്വമുണ്ടായിരുന്നു.
ഉന്നതമായ ശിരസും ഭീതിരഹിതമായ മനസുമുള്ള വിമര്‍ശനത്തിന്റെ രീതിശാസ്ത്രത്തിനാണ് അഴീക്കോടിന്റെ വിയോഗത്തോടെ ഇടം നഷ്ട്ടമാകുന്നതെന്ന്്് ആസാദ് പറഞ്ഞു.

അഴീക്കോട് അനന്യനായ ഭാരതീയ ഗാന്ധിയന്‍ സോണിയ ഇ. പ.(സാമൂഹ്യപ്രവര്‍ത്തക)

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തിലൂടെ ഗാന്ധിയന്‍ മാനവികതയുടെ ഒരു സ്വരം നിലച്ചിരിക്കുകയാണെന്ന് സോണിയ ഇ. പ. അഭിപ്രായപ്പെട്ടു.
ഫാസിസ്റ്റ് അധിനിവേശത്തിന്റെ സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ഭാരതീയ ദര്‍ശനങ്ങളുടെ അടിത്തറയില്‍ ഊന്നിയ അഴീക്കോടിന്റെ പ്രതിരോധങ്ങളുടെ പ്രസക്തി വലുതായിരുന്നു. അതുകൊണ്ടുതന്നെ അഴീക്കോടിന്റെ മരണം നമ്മുടെ സമൂഹജീവിതത്തില്‍ വലിയ ശൂന്യത സൃഷ്ട്ടിക്കുന്നുണ്ട്.