അളവ്‌ തൂക്കത്തിലും പാക്കിങ്ങിലുള്ള അപാകതകള്‍ : സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന തുടരും. പൊതുജനങ്ങള്‍ക്ക്‌ പരാതി അറിയിക്കാം

ലീഗല്‍ മെട്രോളജി മഞ്ചേരി, മോങ്ങം, കൊണ്ടോട്ടി, കരിപ്പൂര്‍, തിരൂര്‍, തിരുനാവായ, പുത്തനത്താണി, കല്‍പകഞ്ചേരി, പെരിന്തല്‍മണ്ണ, പുലാമന്തോള്‍ എന്നിവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പ്രത്യേക പരിശോധന നടത്തി.
മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പായ്‌ക്കിങ്‌ രജിസ്‌ട്രേഷനില്ലാതെ ഉല്‍പന്നം പാക്ക്‌ ചെയ്യല്‍, പാക്ക്‌ ചെയ്‌ത ഉല്‍പ്പന്നങ്ങളിലെ തൂക്കകുറവ്‌, പായ്‌ക്കറ്റുകളില്‍ നിയമപ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതിരിക്കുക, അമിത വില ഈടാക്കുക, ഡിക്‌ളറേഷന്‍ ഇല്ലാതിരിക്കുക, വില്‍പ്പന വില മായ്‌ക്കുക, തിരുത്തുക, പായ്‌ക്കര്‍/ഇംപോര്‍ട്ടര്‍ രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, അളവിലും തൂക്കത്തിലും കുറവ്‌ വരുത്തുക, അളവ്‌-തൂക്ക ഉപകരങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, ബന്ധപ്പെട്ട രേഖകള്‍ പരിശോധനയ്‌ക്ക്‌ ഹാജരാക്കാതിരിക്കുക, അളക്കലും തൂക്കലും ഉപഭോക്താക്കള്‍ കാണത്തക്ക സ്ഥലത്ത്‌ ചെയ്യാതിരിക്കുക. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം ഗ്രാം കൃത്യതയുള്ള ത്രാസുകള്‍ സൂക്ഷിക്കാതിരിക്കുക, പായ്‌ക്കറ്റുകളില്‍ കസ്റ്റമര്‍കെയര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുക എന്നിവ സംബന്ധിച്ച പരിശോധനകളാണ്‌ നടത്തിയത്‌. ആകെ 17 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും പാക്കേജ്‌ഡ്‌ കമ്മോഡിറ്റീസ്‌ റൂള്‍സ്‌ പ്രകാരം 11 കേസുകളും അമിത വില ഈടാക്കിയതിന്‌ ഒരു കേസും കണ്ടെടുത്തു.
പരിശോധനയില്‍ ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍മാരായ എസ്‌.ഡി.സുഷമന്‍, എ. ഹമീദ്‌, സീനിയര്‍ ഇന്‍സ്‌പെക്‌ടര്‍ സുജ എസ്‌. മണി, ഇന്‍സ്‌പെക്‌ടര്‍മാരായ എസ്‌. സിറാജുദ്ദീന്‍, ടി.ജി. ജവഹര്‍, കെ. പങ്കജവല്ലി എന്നിവരും ഇന്‍സ്‌പെക്‌ടിങ്‌ അസിസ്റ്റന്റുമാരായ കെ. സി. കൃഷ്‌ണന്‍, കെ.വി. ജയരാജന്‍, പി. മുകുന്ദന്‍, സി.പി. സുഭാഷ്‌, കെ. മോഹനന്‍, കെ. കൃഷ്‌ണന്‍കുട്ടി, കെ. രവീന്ദ്രനാഥ്‌ എന്നിവരും പങ്കെടുത്തു.
ക്രമക്കേടുകള്‍ കാണുന്ന പക്ഷം ഉപഭോക്താക്കള്‍ക്ക്‌ 0483 2766157 നമ്പറില്‍ പരാതി അറിയിക്കാം.