അലിഗഡ്‌ യൂനിവേസിറ്റി സ്ഥിരം അക്കാദമിക്‌ ബ്ലോക്കിന്‌ മുഖ്യമന്ത്രി ശിലയിട്ടു

umman chandiപെരിന്തല്‍മണ്ണ: ചേലാമലയിലെ അലിഗഡ്‌ മുസ്‌ലിം യൂനിവേസിറ്റിയുടെ മലപ്പുറം കേന്ദ്രത്തില്‍ സ്ഥിരം അക്കാദമിക്‌ ബ്ലോക്കുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. 28 കോടി ചെലവില്‍ ആറ്‌ നിലകളിലായി നിര്‍മിക്കുന്ന അക്കാദമിക്‌- അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കുകളടങ്ങിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണോദ്‌ഘാടനമാണ്‌ മുഖ്യമന്ത്രി നിര്‍വഹിച്ചത്‌. ചേലാമലയിലെ സര്‍ സയ്യിദ്‌ നഗറില്‍ നടന്ന പരിപാടിയില്‍ അലിഗഡ്‌ മുസ്‌ലിം യൂനിവേസിറ്റി വൈസ്‌ ചാന്‍സലര്‍ ലഫ്‌. ജനറല്‍ (റിട്ട.) സമീറുദ്ദീന്‍ ഷാഹ്‌ അധ്യക്ഷനായി. അലിഗഡ്‌ മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിന്‌ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിയോടൊപ്പം ഭാരതത്തിന്റെ പാരമ്പര്യവും ഐക്യവും അഖണ്‌ഡതയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അലിഗഡ്‌ മുഖ്യപങ്ക്‌ വഹിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കേരളത്തില്‍ വന്ന്‌ മലയാളി വിദ്യാര്‍ഥികളോടൊപ്പം ഒന്നിച്ച്‌ പഠിക്കുന്നത്‌ നമ്മുടെ സാംസ്‌ക്കാരിക വളര്‍ച്ചയ്‌ക്ക്‌ കൂടി സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ വൈഫൈ കാംപസ്‌ പ്രഖ്യാപനം നടത്തി. ബയോഡൈവേഴ്‌സിറ്റി കണ്‍വേഴ്‌സന്‍ പ്രൊജക്‌ട്‌ നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളംകുഴി അലിയും ടെലിപ്രസന്‍സ്‌ പദ്ധതി ഇ. അഹമ്മദ്‌ എം.പി.യും തെരുവ്‌ വിളക്കുകള്‍ വള്ളുവനാട്‌ വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത്‌ സൂപ്പിയും ബയോ ഗാസ്‌ പദ്ധതി അലിഗഡ്‌ മുന്‍ വി.സി. ഡോ.പി.കെ. അബ്‌ദുല്‍ അസീസും ഹൈമാസ്റ്റ്‌ ലൈറ്റ്‌ മുന്‍ അലിഗഡ്‌ കോര്‍ട്ട്‌ അംഗം അമീര്‍ ബാബുവും ഉദ്‌ഘാടനം ചെയ്‌തു.
അലിഗഡ്‌ മലപ്പുറം കേന്ദ്രം ഡയറക്‌ടര്‍ ഡോ.എച്ച്‌. അബ്‌ദുല്‍ അസീസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എം.എല്‍.എ.മാരായ അഡ്വ.എം. ഉമ്മര്‍, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി, പി. ഉബൈദുല്ല, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, അലിഗഡ്‌ കേന്ദ്രം ഡെപ്യൂട്ടി കോഡിനേറ്റര്‍ പ്രൊഫ. പര്‍വവേസ്‌ താലിബ്‌, പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുന്നത്ത്‌ മുഹമ്മദ്‌, ആലിപ്പറമ്പ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അലി അക്‌ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.