അരുവിക്കരയില്‍ ഇന്ന്‌ കാലശക്കൊട്ട്‌

Story dated:Thursday June 25th, 2015,01 43:pm

imagesതിരു: അരുവിക്കര ഉപതെരഞ്ഞെടുപ്പിനോടുനുബന്ധിച്ച്‌ ദിവസങ്ങളായി നടന്നുവരുന്ന പരസ്യപ്രചാരണത്തിന്‌ ഇന്നു വൈകീട്ടോടെ കൊട്ടിക്കലാശം. പ്രചരണം ഫോട്ടോഫിനിഷിലേക്ക്‌ എത്തിയതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്‌. യുഡിഎഫ്‌എല്‍ഡിഎഫ്‌ നേതാക്കളുടെ വാക്‌പയറ്റാണ്‌ അവസാന ദിവസങ്ങളില്‍ പ്രചാരണരംഗം ചൂടുപിടിപ്പിച്ചത്‌.

മുന്‍ സ്‌പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ്‌ അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുന്നത്‌. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി സി പി എം നേതാവ്‌ എം വിജയകുമാറും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും പി സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ സ്ഥാനാര്‍ത്ഥി കെ ദാസുമാണ്‌ മത്സരരംഗത്തെ പ്രധാനികള്‍.

തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി അരുവിക്കരയില്‍ കേന്ദ്രസേനയെ വിന്യസിക്കും. കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുമെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ സേന ഇന്നിറങ്ങുന്നത്‌. ആര്യനാട്‌ ജംഗ്‌ഷനിലാകും കൂടുതല്‍ സേനയെ വിന്യസിക്കുക. ജൂണ്‍ 27 ശനിയാഴ്‌ചയാണ്‌ വോട്ടെടുപ്പ്‌. ജൂണ്‍ 30 നാണ്‌ വോട്ടെണ്ണല്‍.