അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം; ശുപാര്‍ശക്ക്‌ അംഗീകാരം

pranab-kumarദില്ലി: അരുണാചല്‍ പ്രദേശില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷട്രപതി പ്രണാബ്‌ കുമാര്‍ മുഖര്‍ജി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ്‌ രാഷ്ട്രപതി ഭരണത്തിന്‌ ശുപാര്‍ശ ചെയ്‌ത്‌ കത്ത്‌ കൈമാറിയത്‌. രാഷ്ട്രപതി ഇത്‌ സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്‌. കഴിഞ്ഞ നവംബറില്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ്‌ വിമത എംഎല്‍എമാര്‍ വിട്ടു നില്‍ക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെയാണ്‌ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിക്കുന്നത്‌. മുഖ്യമന്ത്രി നബാം ടുക്കിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച്‌ 21 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന്‌ സ്‌പീക്കര്‍ ബാം റെബിയയെ ഇംപീച്ച്‌ ചെയ്‌തു. എന്നാല്‍ ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്‌.

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്‌ ടുകി രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട്‌ കത്തെഴുതി. ജനാധിപത്യപരമായി അധികാരത്തിലെത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ ജ്യോതി പ്രസാദ്‌ രാജ്‌ഖോവ അട്ടിമറിക്കുകയാണെന്നായിരുനന്‌ു ടുകിയുടെ പരാതി. ഈ വിഷയം ഉന്നയിച്ച്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ രണ്ടു ദിവസം രാജ്യസഭ സ്‌തംഭിപ്പിക്കുകയും ചെയ്‌തു. പിന്നീട്‌ ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി ഗുവാഹട്ടി ഹൈക്കോടതി തീരുമാനം മരവിപ്പിച്ചു. ഇതിനു മുമ്പ്‌ 1979 ലും അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. 76 ദിവസത്തിന്‌ ശേഷം രാഷ്ട്രപതി ഭരണം പിന്‍വലിച്ചു.