അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്‌ വിഎച്ച്‌പി ശിലകളെത്തിച്ചു

Stones-StDfRരാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകള്‍ വിഎച്ച്‌പി അയോധ്യയില്‍ എത്തിച്ചു. രണ്ട്‌ ലോഡ്‌ കല്ലുകളാണ്‌ ഞായറാഴ്‌ച വൈകുന്നേരം അയോധ്യയിലെ രാമസേവകപുരത്ത്‌ ഇറക്കിയത്‌. ക്ഷേത്ര നിര്‍മ്മാണത്തിന്‌ മുന്നോടിയായി ശിലാപൂജയും ഇന്നലെ നടന്നു. രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള സമയമായെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ നേതാവ്‌ മഹന്ദ്‌ നിത്യഗോപാല്‍ദാസ്‌ പറഞ്ഞു.

ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ശിലകള്‍ ശേഖരിക്കാന്‍ ആറുമാസം മുമ്പാണ്‌ വിഎച്ച്‌പി ആഹ്വാനം നല്‍കിയത്‌. ഇതിന്റെ ഭാഗമായാണ്‌ രണ്ട്‌ ട്രക്ക്‌ കല്ലുകള്‍ ഇന്നലെ എത്തിച്ചത്‌. ക്ഷേത്രത്തിനാവശ്യമായ തൂണുകളും മറ്റും നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. പ്രത്യേക സ്ഥലത്ത്‌ നിരവധി തൂണുകള്‍ ഇതിനികം തന്നെ തയ്യാറാക്കിയിട്ടുണ്ട്‌. മഹന്ദ്‌ നിത്യഗോപാല്‍ദാസിന്റെ നേതൃത്വത്തില്‍ ശിലാപൂജ നടത്തിയാണ്‌ കല്ലുകള്‍ സ്വീകരിച്ചത്‌. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ചില അനുകൂല സൂചനകള്‍ നരേന്ദ്രമോദി സര്‍ക്കാറില്‍ നിന്ന്‌ ലഭിച്ചതായും അദേഹം അവകാശപ്പെട്ടിരുന്നു.

പ്രദേശത്ത്‌ സംഘര്‍ഷാവസ്ഥ മുന്നില്‍കണ്ട്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ശക്തമായ നിരീക്ഷണം പ്രദേശത്ത്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രദേശത്തെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ട്‌ നടത്തുന്ന ഒരു തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്താന്‍ അനുവദിക്കില്ലെന്ന്‌ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച കേസ്‌ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. വിഷയത്തില്‍ സുപ്രീം കോടതിയുടെ തീര്‍പ്പിനായി കാത്തിരിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പലവട്ടം പാര്‍ലമെന്റിന്‌ ഉറപ്പു നല്‍കിയിരുന്നു.