അമേരിക്കയുടെ യുദ്ധമുഖത്ത്‌ ഇനി വനിതകളും അണിനിരക്കുന്നു

women-militaryന്യൂയോര്‍ക്ക്:  അമേരിക്കയുടെ യുദ്ധമുഖത്ത് ഇനി സ്ത്രീകളും അണിനിരക്കുന്നു. ആദ്യഘട്ടത്തില്‍ ഇരുപത്തിരണ്ട് വനിതകളാണ് യുദ്ധത്തിന് അണിനിരക്കുക. എല്ലാ മേഖലയിലും ലിംഗ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കാന്‍ അമേരിക്ക തീരുമാനിച്ചത്. പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ സെക്കന്‍ഡ് ലഫ്റ്റനന്റുമാരായി നിയമിക്കപ്പെടും.

ഇരുപത്തിരണ്ട് വനിതകളില്‍ പതിമൂന്ന് പേര്‍ ആയുധ മേഖലയിലും ഒന്‍പതുപേര്‍ കാലാള്‍പ്പടയിലേക്കുമാകും പോകുക. യുദ്ധത്തില്‍ അണിനിരക്കുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ദീര്‍ഘനാള്‍ ഒരു പ്രദേശത്തുതന്നെ താമസിക്കേണ്ടതായി വരും. ഈ രംഗത്തേക്ക് വളരെക്കുറച്ച് വനിതകള്‍ മാത്രമാണ് എത്തുന്നത്. 200 ഓളം വനിതകളാണ് പ്രതിവര്‍ഷം കരാറുകളില്‍ ഏര്‍പ്പെടുന്നത്.

സൈനിക രംഗങ്ങളിലെല്ലാം വനിതാ പ്രാധാന്യം ഉറപ്പാക്കണമെന്ന് 2013 ല്‍ പെന്റഗണ്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനിക മേഖലകളിലെല്ലാം വനിതകള്‍ക്കും തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടു. ഒരുലക്ഷത്തിലധികം തസ്തികകളാണ് ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും വനിതകള്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും സൈന്യത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ എത്തുന്നത് ഇതാദ്യമാണ്.