അമേരിക്കന്‍ വിസാനിയമങ്ങളില്‍ ഇളവ്.

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അമേരിക്ക വിസാനിയമങ്ങളില്‍ ഇളവു വരുത്തി. നാലു വര്‍ഷത്തിനകം വീണ്ടും വിസയ്ക്ക് അപേക്ഷിക്കുന്നവരെ മുഖാമുഖത്തില്‍ നിന്നും ഒഴിവാക്കി. അമേരിക്കന്‍ അസിസ്റ്റന്‍സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ കൗണ്‍സിലര്‍ അഫയേര്‍സ് ജാനിസ് ജേക്കബ്‌സാണ് വിസാനിയമത്തിലെ ഈ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ബി1 , ബി2, സി, ഡി വിഭാഗങ്ങളില്‍പെട്ട വിസകള്‍ക്കാണ് ഈ പുതിയ ഇളവുകള്‍ ബാധകമാവുക.
നാലു വര്‍ഷത്തിനിടെ വിസ പുതുക്കാന്‍ അപേക്ഷിക്കുന്ന യോഗ്യതയുള്ള അപേക്ഷകര്‍ക്ക് മുഖാമുഖം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സഞ്ചാരികള്‍, ബിസിനസ്സ് യാത്രക്കാര്‍, ക്രൂ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് നിബന്ധനകളില്‍ ഇളവു കിട്ടുക. പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. എന്നാല്‍, വിസയില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും താല്‍ക്കാലിക വര്‍ക്ക് വിസയായ എല്‍ ഒന്ന് അനുവദിക്കുന്നതില്‍ ഇപ്പോഴും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. ഒരേ സ്ഥാപനത്തില്‍ തന്നെ മറ്റൊരു ജോലിയിലേക്ക് മാറുന്നതിനു വേണ്ട വിസയാണ് എല്‍1.

ഈ പുതിയ മാറ്റം ഇന്ത്യയിലെ ആയിരക്കണക്കിന് വിസാ അപേക്ഷകര്‍ക്കു ഗുണമാകുമെന്നാണ് അമേരിക്കന്‍ വക്താവ് പറയുന്നത്.