അമീര്‍ കപ്പ്‌ വോളിബോള്‍;ഫൈനല്‍ ഉറപ്പിച്ച്‌ അല്‍ റയ്യാന്‍ ക്ലബ്ബ്‌

downloadദോഹ: അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന അമീര്‍ കപ്പ് വോളിബാള്‍ സെമിഫൈനല്‍ രണ്ടാം പാദ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ അല്‍ റയ്യാന്‍ ക്ലബ് ഫൈനല്‍ ഉറപ്പാക്കി. പൊലിസ് ടീമിനെ ആദ്യ പാദത്തിലെന്ന പോലെ രണ്ടാം പാദത്തിലും ഏക പക്ഷീയമായ മൂന്നു സെറ്റുകള്‍ക്കാണ് നിലവിലെ അമീര്‍ കപ്പ് ജേതാക്കളായ അല്‍ റയ്യാന്‍ കീഴടക്കിയത്. സ്‌കോര്‍: 25- 19; 25- 17; 25- 17. കളിയുടെ തുടക്കം മുതല്‍ അല്‍ റയ്യാന്‍ മേല്‍ക്കൈ നേടിയിരുന്നു. അതിഥി താരങ്ങളായ വില്‍ഫ്രെഡോ  ലിയോണും ക്രിസ്ത്യന്‍  സവാനിയും തുടര്‍ച്ചയായി എതിര്‍കോര്‍ട്ടില്‍  സെര്‍വുകളുടെ ഇടിമുഴക്കം തന്നെ സൃഷ്ടിച്ചു. ബ്ലോക്കര്‍ റോള്‍  മുബാറക്കും എഡിനും ഭംഗിയായി കൈകാര്യം ചെയ്തതോടെ പൊലിസ് ടീമിന് ഒരു ചെറുത്തു നില്‍പ്പ് പോലും അപ്രാപ്യമായിരുന്നു.
വൈകിട്ട് നാലേ മുക്കാലിന് നടന്ന അല്‍ ജൈഷ്- അല്‍ അറബി മത്സരത്തില്‍ ആദ്യ പാദത്തിനു വിപരീതമായി അല്‍ അറബി ആയിരുന്നു ജയം കണ്ടത്. ഇതോടെ ഇരു ടീമുകളും 11 എന്ന നിലയില്‍ നില്‍ക്കുന്നതിനാല്‍ ഇന്ന് നടക്കുന്ന മൂന്നാം പാദ മത്സരമായിരിക്കും ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്നത്. ഏറെ ഒത്തിണക്കത്തോടെ കളിച്ച ജോന്റൊരിണോ  മരിയൂസ് ഇബ്രാഹിം സൈഫുദ്ദീന്‍ കൂട്ടുകെട്ട് ആദ്യ സെറ്റ് കൈ വിട്ടെങ്കിലും തുടര്‍ന്നുള്ള മൂന്നു സെറ്റുകളില്‍ തങ്ങളുടെ അധീശത്വം ഉറപ്പിച്ചു. അല്‍ ജൈഷിന്റെ ഭാഗത്ത് നിന്നും  അപാര ഫോമില്‍ കളിച്ച ഗ്രോസര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം കരുത്തരായ എതിരാളികളെ തളക്കാന്‍ മാത്രം പര്യാപ്തമായില്ല. മങ്ങിയ ഫോമിലുള്ള സൂപ്പര്‍താരം മാര്‍ഷലിനാകട്ടെ തന്റെ ആക്രമണങ്ങളൊക്കെയും ഇബ്രാഹിം  മരിയൂസ് ജോഡി പടുത്തുയര്‍ത്തിയ ബ്ലോക്കുകള്‍ക്ക് മുന്നില്‍ തകര്‍ന്നടിയുന്നത് നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. സ്‌കോര്‍: 23 25; 25 22; 25 13; 25 21.
അല്‍ അറബി സ്റ്റേഡിയത്തില്‍  ഇന്ന് വൈകീട്ട് നാലേ മുക്കാലിനാണ് നിര്‍ണായകമായ അല്‍ ജൈഷ്- അല്‍ അറബി മൂന്നാം പാദ സെമിഫൈനല്‍. അല്‍ റയ്യാന്‍ ടീമിന് ഇന്ന് വിശ്രമാദിനമാണ്. ശനിയാഴ്ചയാണ് അമീര്‍ കപ്പിന്റെ ഫൈനല്‍ മത്സരം.

Related Articles