അഭയാര്‍ഥികള്‍ക്കും ഭവന രഹിതര്‍ക്കും ഖത്തര്‍ റെഡ്‌ക്രസന്റും യൂണിസെഫും ചേര്‍ന്ന്‌ വാഷ്‌ പദ്ധതി

ദോഹ: അഭയാര്‍ഥികളായ സിറിയക്കാര്‍ക്കും ഭവന രഹിതരായ ഇറാഖികള്‍ക്കുമായി ഇറാഖിലെ കുര്‍ദ്ദിസ്ഥാനില്‍ ഖത്തര്‍ റെഡ് ക്രസന്റും യൂണിസെഫും ചേര്‍ന്ന് ‘വാഷ്’ പദ്ധതി ആരംഭിച്ചു. വാട്ടര്‍, സാനിറ്റേഷന്‍ ആന്റ് ഹൈജീന്‍ (വാഷ്) എന്നതാണ് പദ്ധതി. പദ്ധതിക്ക് 2.25 മില്ല്യന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആദ്യഘട്ടത്തില്‍ അഴുക്കുചാല്‍ പദ്ധതി, ശൗചാലയങ്ങള്‍, ആരോഗ്യപരിപാലന സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കുക. ഇര്‍ബിലിലെ ഖുഷ്താപ സിറിയന്‍ അഭയാര്‍ഥി ക്യാംപിന്റെ ബി ബ്ലോക്കിലാണ് ആദ്യഘട്ടം നടപ്പിലാക്കുക. രണ്ടാം ഘട്ടത്തില്‍ സുലൈമാനിയയിലെ ഇറാഖി അഭയാര്‍ഥി ക്യാംപില്‍ ജലസംഭരണ വിതരണ പദ്ധതിയാണ് നടപ്പിലാക്കുക. പദ്ധതിയിലൂടെ 40 ശതമാനം കുട്ടികള്‍ ഉള്‍പ്പെടുന്ന ഖുഷ്താപയിലെ 6285 പേര്‍ക്കും ആഷ്തിയിലെ 7319 പേര്‍ക്കുമാണ് സേവനം ലഭിക്കുക.

ഇറാഖിലെ കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ ഖത്തര്‍ റെഡ് ക്രസന്റും യൂണിസെഫും ചേര്‍ന്ന് ഇതിനകം നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകും വരെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നതിനാവശ്യമായ സൗകര്യങ്ങളാണ് 2.34 മില്ല്യന്‍ ഡോളര്‍ ചെലവില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്.

ദാര്‍ശുക്‌റന്‍ ക്യാംപിലും അര്‍ബാത്ത് അഭയാര്‍ഥി ക്യാംപുകളിലുമായി 7,93,000 ഡോളര്‍ ചെലവില്‍ ജലവിതരണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ദാര്‍ശുക്‌റന്‍ ക്യാംപില്‍ 500 സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിനായിരത്തോളം താമസക്കാര്‍ക്ക് ഇതുവഴി പ്രതിദിനം 50 ലിറ്റര്‍ ചൂടുവെള്ളം ലഭ്യമാകും. അഭയാര്‍ഥി ക്യാംപിലെ സ്‌കൂള്‍, ക്ലിനിക്ക്, അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലും ഈ സൗകര്യം ലഭ്യമാണ്. സുലൈമാനിയയിലെ അര്‍ബാത്ത് അഭയാര്‍ഥി ക്യാംപില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്കും സ്‌കൂളിനും ക്ലിനിക്കിനും അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകള്‍ക്കുമായി 2,560 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൈപ്പ് ലൈന്‍ വഴി ശുദ്ധജല വിതരണവും നടത്തുന്നുണ്ട്.