അപ്രഖ്യാപിത തീരുമാനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് തിരിച്ചടിയാകുന്നു

ശിഹാബ് അമന്‍
താനൂര്‍: മുന്‍കൂട്ടി അറിയിക്കാതെയുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളെ വലക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യം വന്നതാണ് അക്ഷയ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ഒരുപോലെ കഴിഞ്ഞ ദിവസം ബുദ്ധിമുട്ടിലാക്കിയത്. വിവിധ ജില്ലകളില്‍ തിങ്കഴാഴ്ച മുതല്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കല്‍ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്. അറിയിപ്പിനെ തുടര്‍ന്ന് നിരവധി ഗുണഭോക്താക്കളാണ് അക്ഷയ കേന്ദ്രങ്ങളിലെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രോജക്ട് ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങളൊന്നും അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. മറ്റു പ്രോജക്റ്റുകളും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് അക്ഷയ കേന്ദ്രങ്ങളുടെ തലയില്‍ കെട്ടി വെക്കാറുള്ളതെന്നാണ് ആക്ഷേപം.
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിലുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രോജക്റ്റ് ഓഫീസിലുള്ളവര്‍ക്ക് കഴിയാതിരുന്നതും ആദ്യ ഘട്ടത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി. പ്രോജക്റ്റ് ഓഫീസിലുള്ളവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതായിരുന്നു അക്ഷയ കേന്ദ്രങ്ങള്‍ക്ക് അലോസരം സൃഷ്ടിച്ചത്. പ്രോജക്റ്റ് ഓഫീസില്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ടെക്‌നീഷ്യന്മാരില്ലാത്തത് അക്ഷയ കേന്ദ്രങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നതായി സംരംഭകര്‍ പറയുന്നു. ആധാര്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഇനിയും ഫണ്ട് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുന്നതും അക്ഷയയുടെ നിലനില്‍പ്പ് അപകടത്തിലാക്കിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങള്‍ വിലകൊടുത്തു വാങ്ങിയാണ് അക്ഷയ കേന്ദ്രങ്ങള്‍ ആധാര്‍ പദ്ധതിക്ക് ഒരുക്കങ്ങള്‍ നടത്തിയത്. രണ്ടാം ഘട്ടം ഏപ്രില്‍ മുതല്‍ തുടങ്ങുമെന്നാണ് അറിയിപ്പെങ്കിലും ഫണ്ട് സംബന്ധമായ അനിശ്ചിതത്വം ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്.
കൂടാതെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അതിനാവശ്യമായ അപേക്ഷകളും മറ്റും തയ്യാറാക്കിയത് അക്ഷയ കേന്ദ്രങ്ങള്‍ വഴിയായിരുന്നു. എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ റെക്കോര്‍ഡ് മുന്നേറ്റത്തെ വാഴ്ത്തിയവര്‍ അക്ഷയ കേന്ദ്രങ്ങളെ സൗകര്യ പൂര്‍വ്വം മറന്നതായി സംരംഭകര്‍ പരാതിപ്പെടുന്നു.