അപേക്ഷിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പാസ്‌പോര്‍ട്ട്‌ ലഭിക്കും

passportsപൂനെ: പാസ്‌പോര്‍ട്ട്‌ എടുക്കുന്നതിലുള്ള നടപടിക്രമങ്ങളില്‍ രണ്ട്‌ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചു. ആദ്യമായി പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പാസ്‌പോര്‍ട്ട്‌ കൈയില്‍ ലഭ്യമാകുന്ന തരത്തിലാണ്‌ നടപടിക്രണങ്ങള്‍ ലഘൂകരിച്ചിരിക്കുന്നത്‌. പ്രദേശികമായ പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം വഴിയാണ്‌ എളുപ്പത്തില്‍ പാസ്‌പോര്‍ട്ട്‌ എടുക്കാന്‍ സാധിക്കുക. ഇതിനുവേണ്ടി മൂന്ന്‌ തിരിച്ചറിയല്‍ രേഖകളും ക്രിമിനല്‍കേസ്‌ ഇല്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്‌മൂലവുമാണ്‌ നല്‍കേണ്ടത്‌. അപേക്ഷയ്‌ക്കൊപ്പം തിരിച്ചറിയല്‍ രേഖകളായി ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍, വോട്ടര്‍ ഐഡി കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ എന്നിവ നല്‍കിയാല്‍ മതിയാകും.

അപേക്ഷ പരിശോധിച്ച ശേഷം ഒരാഴ്‌ചയ്‌ക്കകം പാസ്‌പോര്‍ട്ട്‌ നല്‍കാനാണ്‌ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്‌. ഇതിനായി അധിക നിരക്ക്‌ ഈടാക്കില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്‌തവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പാസ്‌പോര്‍ട്ട്‌ നല്‍കിയതിനു ശേഷമായിരിക്കും ഇനിമുതല്‍ പോലീസ്‌ വേരിഫിക്കേഷന്‍. നിലവില്‍ അപേക്ഷ നല്‍കി കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ പോലീസ്‌ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച്‌ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പാസ്‌പോര്‍ട്ട്‌ നല്‍കുക.