അപൂര്‍വ രോഗം ബാധിച്ച ബാലന്‍ ചികിത്സാസഹായം തേടുന്നു

devadathanപുളിക്കല്‍: അപൂര്‍വ രോഗം ബാധിച്ച ബാലന്‍ ഉദാരമതികളില്‍ നിന്ന്‌ ചികിത്സാ സഹായം തേടുന്നു. പുളിക്കല്‍ നിവാസിയായ കെ.എം.ഹരിനാരായണന്റെ മകന്‍ ദേവദത്തന്‍ എന്ന എട്ടുവയസുകാരന്‌ ശരീരത്തില്‍ ചുവന്ന പാടുകള്‍ കണ്ടതിനെ തുടര്‍ന്ന്‌ ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സങ്കീര്‍ണമായ പല പരിശോധനകള്‍ക്ക്‌ ശേഷവും രോഗ നിര്‍ണ്ണയം നടത്താന്‍ സാധിച്ചില്ല. വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ്‌ രോഗം തിരിച്ചറിഞ്ഞത്‌. അത്യപൂര്‍വ്വവും മാരകവുമായ ഫാങ്കോണി അനീമിയ രോഗമാണെന്ന്‌ തെളിഞ്ഞു. ഇതിന്‌ ഏറ്റവും ഫലപ്രദമായ ചികിത്സ മജ്ജ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയാണെന്ന നിഗമനത്തിലാണ്‌ ഡോക്‌ടര്‍മാര്‍. പക്ഷേ ഇത്‌ ഒന്നര മാസത്തിനകം നടത്തണമെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. 20 ലക്ഷത്തോളം രൂപ ചിലവ്‌ വരുന്നതാണ്‌ ശസ്‌ത്രക്രിയ. ഇത്രയും ഭീമമായ തുക സാധാരണ ക്ഷേത്രപൂജാരിയായ ഹരിനാരായണന്‌ സംഘടിപ്പിക്കാന്‍ സാധിക്കുകയില്ല. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവര്‍ക്ക്‌ സുമനസുകളുടെ സഹായം അത്യാവശ്യമാണ്‌. ദേവദത്തന്റെ ചികിത്സക്കായി മുഹമ്മദുണ്ണി ഹാജി എംഎല്‍എ മുഖ്യരക്ഷാധികാരിയും, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അബ്‌ദുള്‍ കരീം വിവിധ രാഷ്‌ട്രീയ നേതാക്കള്‍ രക്ഷാധികാരിമാരായും, ജയചന്ദ്രന്‍ കപ്പേടത്ത്‌ ചെയര്‍മാനും, ടി.പി.രമേശ്‌ പുളിക്കല്‍ കണ്‍വീനറും, പി.ദിനേശന്‍ മാസ്റ്റര്‍ ഐക്കരപ്പടി ട്രഷററുമായ ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്‌. ചെറുകാവ്‌ എസ്‌ബിടിയില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍: 67321823365 IFSC കോഡ്‌: SBTR0000443.