അപകട ബോംബിന് താഴെ ഒരു തെരുവ്

വള്ളിക്കുന്ന്: അരിയല്ലൂര്‍ അങ്ങാടിയിലെ ‘സരോജിനി ബില്‍ഡിംങ്’ ഏതു നിമിഷവും നാട്ടില്‍ ദുരന്തം വിതച്ചേയ്ക്കും. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ കെട്ടിടം കുറച്ചുകാലം മുന്‍പ് വരെ അരിയല്ലൂരീന്റെ പ്രധാന കച്ചവട കേന്ദ്രമായിരുന്നു. താഴെ നിലയില്‍ ടെക്‌സ്റ്റൈല്‍സ്, ഹോം അപ്ലയന്‍സ് തുടങ്ങിയവയും രണ്ടാം നിലയില്‍ സഹകരണബേങ്കും വായനശാലയും പ്രവര്‍ത്തിച്ചു.

ഇന്ന് ഈ കെട്ടിടത്തില്‍ കച്ചവടങ്ങളൊന്നുമില്ല. എന്നാല്‍ ഈ കെട്ടിടത്തിന് താഴെയാണ് യുവാക്കള്‍ കൂട്ടംകൂടി ഇരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം. അതുകൊണ്ട് തന്നെ ഈ കെട്ടിടം വലിയൊരു അപകടം ഉണ്ടാക്കിയേക്കാം.

ആദ്യകാല ഉടമ ഈകെട്ടിടവും സ്ഥലവും അമൃതാനന്ദമയീ മഠത്തിന് സംഭാവന നല്‍കിയതാണ്. എന്നാല്‍ മഠം അധികൃതര്‍ ഇത് പരിപാലിക്കുന്നതായി അറിവില്ല. ചോര്‍ന്നൊലിച്ച് നനഞ്ഞ് കുതിര്‍ന്ന് പഴയതായ ഈ കെട്ടിടം ഉടമകളുടെയും അധികൃതരുടെയും ശ്രദ്ധയൊന്നുമില്ലാതെ അപകടം വരുത്തിവെക്കുമെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നു. അപകടത്തിന്റെ കാരണം പറഞ്ഞ് നിശ്വാസ വായുവായിരുന്ന മരം മുറിച്ച് കമ്മീഷന്‍ പറ്റിയവര്‍ക്ക് ഈ അപകടബോംബിന്റെ കാര്യത്തില്‍ മൗനം മാത്രം.