അന്താരാഷ്ട്രതലത്തില്‍ മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിന് 14-ാം സ്ഥാനം

qatarദോഹ: അന്താരാഷ്ട്രതലത്തില്‍ മത്സരക്ഷമതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ (ഗ്ലോബല്‍ കോംപിറ്റേറ്റീവ്‌നസ് ഇന്‍ഡക്‌സ്) ഖത്തറിന് 14-ാം സ്ഥാനം. മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമായി ഇതേ സൂചികയിലെ ഒന്നാംസ്ഥാനവും ഖത്തറിനാണ്.

2015-16ലെ ലോക സാമ്പത്തിക ഫോറം (ഡബ്ല്യു ഇ എഫ്) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഈ സൂചികയില്‍ ഖത്തറിന് 16-ാം സ്ഥാനമായിരുന്നു. സുസ്ഥിരവും ബൃഹത്തായ സാമ്പത്തിക ഘടനയും മിച്ച ബജറ്റും കുറഞ്ഞ പൊതുകടങ്ങളുമാണ് രാജ്യത്തെ ആഗോള സൂചികയില്‍ ഈ സ്ഥാനത്തെത്തിച്ചത്.

ഊര്‍ജോല്‍ത്പാദന കയറ്റുമതിയിലെ ഉയര്‍ന്ന വരുമാനവും വായ്പകള്‍ എളുപ്പം ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങളും ഖത്തറിനെ ആഗോളതലത്തിലെ സൂചികയില്‍ ഒന്നാംസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. വിവിധ സേവനങ്ങളിലും വ്യാപാരങ്ങളിലുമുള്ള ഉയര്‍ന്ന കാര്യക്ഷമതക്ക് ആഗോളതലത്തില്‍ ഖത്തറിന് അഞ്ചാം സ്ഥാനവും ശാരീരികമായ സുരക്ഷയുടെ കാര്യത്തില്‍ നാലാം സ്ഥാനവുമാണ്.

പൊതുഖജനാവിന്റെ ദുര്‍വ്യയം തടയുക, ഭരണകാര്യങ്ങളില്‍ നിഷ്പക്ഷമായി ഇടപെടുക, നിയമനിര്‍മണം നടത്തുന്നതിലെ കാര്യപ്രാപ്തി, രാജ്യത്തെ എന്‍ജിനീയര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ലഭ്യത എന്നിവയിലെ ആഗോള സൂചികയിലെല്ലാം ഖത്തര്‍ ഒന്നാമതാണ്. പൊലിസ് സംവിധാനത്തിലുള്ള വിശ്വാസ്യത, രാഷ്ട്രീയക്കാരിലുള്ള പ്രതീക്ഷ എന്നിവയിലെ റാങ്കിംഗിലും കുറ്റകൃത്യങ്ങള്‍, അക്രമങ്ങള്‍ എന്നിവക്കെതിരെയുള്ള മുന്‍കരുതലുകളിലും മൂന്നാം സ്ഥാനത്താണ്. ഈ സ്ഥാനം നിലനിര്‍ത്താന്‍ നവീനവും പുതുമയുള്ളതുമായ സാങ്കേതികവിദ്യകളില്‍ ഖത്തര്‍ ഇനിയും മുതല്‍മുടക്കേണ്ടതുണ്ടെന്നും ഭാവിയിലെ സാമ്പത്തികഭദ്രക്ക് നേട്ടമാകും വിധം ഇതിനെ മാറ്റേണ്ടതുണ്ടെന്നും സാമ്പത്തിക ഫോറം റിപ്പോര്‍ട്ടില്‍ പറയുന്നു. ജി സി ഐ സൂചികയില്‍ ഏഴാം തവണയും സ്വിറ്റ്‌സര്‍ലാന്റാണ് ഒന്നാമത്. സിംഗൂപ്പുരിനും അമേരിക്കക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളാണുള്ളത്. ജര്‍മനി നാലാം സ്ഥാനത്തെത്തി നില മെച്ചപ്പെടുത്തി. നെതര്‍ലാന്റ്‌സ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാംസ്ഥാനവും കരസ്ഥമാക്കി. ജപ്പാന്‍, ഹോങ്കോങ്, ഫിന്‍ലാന്റ്്, സ്വീഡന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് തൊട്ടടുത്ത സ്ഥാനങ്ങള്‍.