അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്തു

തിരു: അനൂപ് ജേക്കബ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30 നാണ് സ്പീക്കര്‍ക്കു മുമ്പാകെ നിയമസഭാചേംബറില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ.
ഭരണപ്രതിപക്ഷ അംഗങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചശേഷമായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ കാണാന്‍ അനൂപിന്റെ കുടുംബാംഗങ്ങളും സന്ദര്‍ശകഗ്യാലറിയിലുണ്ടായിരുന്നു. അനൂപ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന തിയ്യതി ഗവര്‍ണ്ണറുമായി മുഖ്യമന്ത്രി ആലോചിച്ചശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ടി.എം ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യവകുപ്പ് നല്‍കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. തന്ത്രപ്രധാനമായ ഈ വലിയ വകുപ്പ് പരിചയക്കുറവുള്ള അനൂപിന് നല്‍കുന്നതിനോട്് കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നത ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ഇതിനുപുറമെ അനൂപിന്റെ മന്ത്രിസഭാപ്രവേശനം 28 നു ശേഷമാക്കിയത് അഞ്ചാം മന്ത്രിക്കുവേണ്ടിയുള്ള മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നു പറയുന്നു. അനൂപിനൊപ്പം മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ ഈ കാര്യത്തില്‍ കോണ്‍ഗ്രസ്സ് യാതൊരു തീരൂമാനവും എടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.