അനൂപിനൊപ്പം അലിയും മന്ത്രിസഭയിലേക്ക്

തിരു : നാളെ അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സത്യപ്രതിജ്ഞയ്ക്ക്  തയ്യാറാകാനുളള നിര്‍ദേശം സര്‍ക്കാറില്‍ നിന്ന് ഗവര്‍ണറുടെ ഓഫീസില്‍ ലഭിച്ചു. ഇപ്പോള്‍ കേരളത്തിന്റെ ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്.ആര്‍ ഭരദ്വാജ് ബാംഗ്ലൂരിലേക്ക് മടങ്ങിപോകുന്നതിനു മുന്‍പ് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ധാരണ.

 

ഇതിനിടെ മഞ്ഞളാംകുഴി അലി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട് മന്ത്രിയാവാന്‍ താന്‍ റെഡിയാമെന്നും പത്ത് മാസം മുന്‍പേ അതിനുവേണ്ട തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇന്ന് അലി മുഖ്യമന്ത്രിയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്‌

 

അഞ്ചാം മന്ത്രി തര്‍ക്കം ഒത്തുതീര്‍ക്കാന്‍ ഒരു പുതിയ ഫോര്‍മുല കൂടി കോണ്‍ഗ്രസ് മുന്നോട്ടുവെച്ചതായി സൂചനകള്‍ ഉണ്ട്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാമെന്നും എന്നാല്‍ വിദ്യഭ്യാസവകുപ്പോ പൊതുമരാമത്ത് വകുപ്പോ കോണ്‍ഗ്രസിന് ലഭിക്കണമെന്നുമാണ് ആവശ്യം. ഇതിന് അനുകൂലമായി യൂത്ത് കോണ്‍ഗ്രസ് ,കെ.എസ്.യു നേതൃത്വങ്ങളും പ്രതികരിച്ചിട്ടുണ്ട്. ഈ ഫോര്‍മുലയാണ് അലിക്ക് പ്രത്യാശ നല്‍കുന്നത്.

പക്ഷേ വിദ്യഭ്യാസം പോലുള്ള പ്രധാന വകുപ്പ് വിട്ടുകൊടുക്കാന്‍ മുസ്ലിംലീഗ് തയ്യാറാകുമോ എന്ന കാര്യം സംശയമാണ്. അതിനിടെ അനൂപ് ജേക്കബിനൊപ്പം തങ്ങളുടെ അഞ്ചാം മന്ത്രിയും ഉണ്ടാവുമെന്ന്‌  ഇ.ടി മുഹമ്മദ് ബഷീര്‍ ആവര്‍ത്തിച്ചു.

 

വൈകീട്ട് 6.30 ന് നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിന് മുന്‍പേ തന്നെ കോണ്‍ഗ്രസ് ലീഗ് നേതക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.