അനീഷിന്റെ മരണം;മുന്‍ മലപ്പുറം ഡിഡിഇ കെ സി ഗോപി അറസ്‌റ്റില്‍

K C GOPI 1മലപ്പുറം ; മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഡയരക്ടര്‍ കെ സി ഗോപിയെ കൂടി പാലക്കാട്‌  ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. ഇനി മൂന്ന്‌ പേര്‍ കൂടി അറസ്‌റ്റിലാവാനുണ്ട്‌.

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌കൂള്‍ മാനേജര്‍ വി പി സെയ്‌തലവി, പധാന അധ്യാപിക സുധ പി നായര്‍, മുന്‍ പിടിഎ പ്രസിഡന്റ്‌ ഹൈദര്‍ കെ മൂന്നിയൂര്‍ എന്നിവരാണ്‌ ഈ കേസില്‍ നേരത്തെ അറസ്‌റ്റിലായ പ്രതികള്‍. ഹൈക്കോടതിയില്‍ നിന്ന്‌ മുന്‍കൂര്‍ ജാമ്യം നേടിയ ഗോപിയെ 25000 രൂപയുടെ ബോണ്ടില്‍ വിട്ടയച്ചു.

സ്‌കൂള്‍ മാനേജറും കൂട്ടാളികളും കള്ളക്കേസുണ്ടാക്കിയും വ്യാജരേഖ ചമച്ചും ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ട്‌ വേട്ടയാടിയ അനീഷിനെ 2014 സെപ്‌തംബര്‍ രണ്ടിനാണ്‌ മലമ്പുഴയിലെ ലോഡ്‌ജ്‌ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇതിന്‌ പ്രധാനമായും കാര്‍മികത്വം വഹിച്ചത്‌ മുന്‍ ഡിഡിഇ കെ സി ഗോപിയായിരുന്നു. മതിയായ അന്വേഷണേമാ തെളിവെടുപ്പോ നടത്താടെയാണ്‌ അനീഷിനെ ജോലിയില്‍ നിന്ന്‌ പിരിച്ചു വിടാന്‍ അന്ന്‌ ഡിഡിഇ ആയിരുന്ന കെ സി ഗോപി മാനേജര്‍ക്ക്‌ അനുമതി നല്‍കിയതെന്ന്‌ ഡിപിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡിപിഐ നിര്‍ദ്ദേശിച്ചിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ അനീഷിനെ പിരിച്ചുവിടാന്‍ ഡിഡിഇ പുറത്തിറക്കിയ ഉത്തരവ്‌ തയ്യാറാക്കിയത്‌ ഡിഡിഇ ഓഫീസിന്‌ പുറത്താണെന്ന വിവരവും ഈയിടെ വെളിച്ചത്തായിരുന്നു. വിവാദ ഉത്തരവ്‌ തയ്യാറാക്കിയതിനോ അയച്ചതിനോ ഡിഡിഇ ഓഫീസില്‍ ഒരു രേഖയുമില്ല. സ്‌കൂള്‍ മാനേജറുടെ സ്വാധീനത്തിന്‌ വഴങ്ങിയാണ്‌ തന്റെ പദവി ദുരുപയോഗം ചെയ്‌ത്‌ ഗോപി വഴിവിട്ട്‌ പ്രവര്‍ത്തിച്ചത്‌.

പ്യൂണ്‍ മുഹമ്മദ്‌ അഷറഫ്‌, ക്ലര്‍ക്കുമാരായ അബ്ദുല്‍ ഹമീദ്‌, അബ്ദുല്‍ റസാഖ്‌ എന്നിവരാണ്‌ കേസില്‍ അറസ്‌റ്റിലാവാനുള്ള മറ്റു പ്രതികള്‍. ഇവര്‍ മൂന്ന്‌ പേരും, അനീഷിനെ കുടുക്കാന്‍ ചെറുവണ്ണൂര്‍ കോയാസ്‌ ആശുപത്രിയില്‍ നിന്ന്‌ കള്ളവൂണ്ട്‌ സര്‍ട്ടിഫിക്കറ്റ്‌ ചമച്ചതിന്‌ നല്ലളം പൊലീസ്‌ രജിസ്‌റ്റര്‍ കേസിലും പ്രതികളാണ്‌. ഈ കേസില്‍ ആശുപത്രി എംഡി ഡോ. കോയ ഒരു മാസത്തോളം റിമാണ്ടില്‍ കഴിഞ്ഞിരുന്നു. അനീഷിന്റെ മരണത്തെക്കുറിച്ച്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്ത്‌ വരാനുണ്ട്‌.

Related Articles