അധ്യാപകര്‍ നിരാലംബരായ കുട്ടികളെ കണ്ടെത്തി മുഖ്യധാരയിലെത്തിക്കണം- ജില്ലാ കലക്‌ടര്‍

Story dated:Monday August 3rd, 2015,06 46:pm
sameeksha

unnamedമലപ്പുറം: നന്മ വറ്റാത്ത കാരുണ്യവും ദീനാനുകമ്പയുള്ള അധ്യാപകര്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുട്ടികളെ കണ്ടെത്തി പരിപോഷിപ്പിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌ക്കരന്‍. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പ്രധാനധ്യാപകരുടെ ശാക്തീകരണ പരിപാടി ഐ.ടി.@ സ്‌കൂള്‍ സമ്മേളന ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കലക്‌ടര്‍. ജനിച്ചത്‌ കൊണ്ട്‌ മാത്രം ജീവിച്ച്‌ തീര്‍ക്കുന്ന കുറെ അനാഥ മനുഷ്യര്‍ നമുക്കിടയിലുണ്ട്‌. മുഖ്യധാരയിലില്ലാത്ത അവര്‍ ചിരിക്കാറില്ല. കാരണം അവരുടെ ജീവിതത്തില്‍ ആഹ്ലാദകരമായി ഒന്നുമില്ല. അവരുടെ മക്കളും ചിരിക്കാറില്ല. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കുട്ടികളുടെ കണ്ണീരൊപ്പാനും അവരുടെ കൈപ്പിടിച്ച്‌ മുഖ്യധാരയിലെത്തിക്കാനും അധ്യാപകര്‍ക്ക്‌ കഴിയണമെന്നും കലക്‌ടര്‍ പറഞ്ഞു.
അധ്യാപകര്‍ ധാരാളം വായിക്കണം. അന്ത്യം വരെ വായന തുടരണം. റിട്ടയര്‍ ചെയ്യാത്ത ജന്മമാവണം അധ്യാപകരുടേത്‌. പ്രകാശം പരത്തുന്ന മിന്നാമിനുങ്ങാവണം ഓരോരുത്തരും. കുട്ടികള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കുന്ന മുഖമാവണം അധ്യാപകരുടേതെന്നും കലക്‌ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സഫറുല്ല അധ്യക്ഷനായി.
പൂക്കോട്ടൂര്‍ അത്താണിക്കല്‍ സ്വദേശിനിയും മലപ്പുറം എം.എസ്‌.പി. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ 11 കാരിയായ ആയിശ നിമയുടെ ഇംഗ്ലീഷ്‌ കവിതാ സമാഹാരം Me- The Crazy യുടെ പ്രീപബ്ലിഷിങ്‌ കര്‍മം കലക്‌ടര്‍ നിര്‍വഹിച്ചു. ഒന്നാം ക്ലാസ്‌ മുതല്‍ നിമ എഴുതിയ 37 കവിതകളുടെ സമാഹാരമാണിത്‌. നൗഷാദ്‌ അരീക്കോട്‌ പുസ്‌തകം പരിചയപ്പെടുത്തി. അസി. കലക്‌ടര്‍ രോഹിത്‌ മീണ, ഡയറ്റ്‌ ഫാക്കല്‍ട്ടി അശോകന്‍, ഇഖ്‌ബാല്‍, കുരുണിയന്‍ ബഷീര്‍, ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു.