അധികൃതരെ കബളിപ്പിച്ച്‌ വയല്‍ നികത്തല്‍; വീടുനിര്‍മാണത്തിനെതിരെ നഗരസഭയുടെ സ്‌റ്റോപ്പ്‌ മെമ്മോ

hqdefaultകോട്ടക്കല്‍: കാവതിക്കളം വയലില്‍ നഗരസഭ സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ചു ഭൂമി തരംമാറ്റി വീടുനിര്‍മിക്കുന്നതിനെതിരെ നഗരസഭ സ്റ്റേപ്പ്‌ മെമ്മോ നല്‍കി. പൂത്തൂര്‍-ചിനക്കല്‍ ബൈപാസിന്റെ സമീപത്തുള്ള അഞ്ചുസെന്റ്‌ ഭൂമിയിലെ വീടുനിര്‍മാണം നിര്‍ത്തിവെക്കാനാണ്‌ നഗരസഭ നിര്‍ദേശം നല്‍കിയത്‌. പൂത്തൂര്‍-ചിനക്കല്‍ ബൈപാസില്‍ ഭൂമാഫിയ മറ്റു ഭൂമിയോ വീടോ ഇല്ലന്ന വ്യാജേന വയല്‍ നികത്തി വീടുനിര്‍മിച്ച്‌ മാസങ്ങള്‍ക്കുള്ളില്‍ മറിച്ചുവില്‍ക്കുന്ന സംഭവം വ്യാപകമായ സാഹചര്യത്തിലാണ്‌ നഗരസഭ ഉണര്‍ന്നുപ്രവര്‍ത്തിച്ചത്‌.

നഗരസഭയിലെ വയലുകള്‍ അനുദിനം ചുരുങ്ങികൊണ്ടിരിക്കുന്നതായുള്ള മുറവിളികള്‍ക്കിടയിലാണ്‌ ഭൂമാഫിയ തന്ത്രപൂര്‍വ്വം വയലുകള്‍ കൃഷിയില്ലാഭൂമിയാക്കി വീടുകള്‍ നിര്‍മിച്ചുവിടുന്നത്‌. കോടതിനിര്‍ദേശത്തെ തെറ്റായി വ്യഖ്യാനിച്ച്‌ വയലില്‍ വീടുനിര്‍മിക്കാന്‍ സ്വകാര്യവ്യക്തി അനുമതി നേടിയതിനെതിരെ ആദ്യം നാട്ടുകാരാണ്‌ രംഗത്തുവന്നത്‌. നിലവില്‍ കോട്ടക്കല്‍ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ മാസം പാടശേഖരസമിതികളെ വിളിച്ചുകൂട്ടി നെല്‍കൃഷി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. നിലവില്‍ കൃഷിയോഗ്യമല്ലാത്ത അഞ്ചുസെന്റില്‍ വീടുവെക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ കാവതിക്കളം സ്വദേശി ഈയിടെ കോടതിയെ സമീപിച്ചിരുന്നു. ഭൂമി പരിശോധിച്ച്‌ ഉറപ്പുവരുത്തി പരാതിക്കാരന്‌ നീതിയുറപ്പുവരുത്തണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിച്ച കോട്ടക്കല്‍ കൃഷിഓഫീസര്‍ ആ സ്ഥലത്ത്‌ കല്ലിറക്കിയതു കണ്ട്‌ ഭൂമി കൃഷിക്കനുയോജ്യമല്ലന്ന്‌ റിപോര്‍ട്ട്‌ നല്‍കി. ഈ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച്‌ കോട്ടക്കല്‍ നഗരസഭ സെക്രട്ടറിയെ സ്വകാര്യവ്യക്തി തെറ്റിദ്ദരിപ്പിക്കുകയായിരുന്നുവെന്ന്‌ നഗരസഭാധികൃതര്‍ക്ക്‌ വൈകിയാണ്‌ മനസ്സിലായത്‌. തുടര്‍ന്ന്‌ സ്വകാര്യവ്യക്തിയുടെ അനധികൃത നിര്‍മാണം നിര്‍ത്തിവെക്കാന്‍ നഗരസഭാധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.