അധികാരമേല്‍ക്കുന്നത് ജാതിമത വ്യത്യാസമില്ലാത്ത സര്‍ക്കാരെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത എല്ലാവരുടേയും സര്‍ക്കാരായിരിക്കും അധികാരമേല്‍ക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമത വ്യത്യാസമില്ലാത്ത എല്ലാ ജനങ്ങളുടേയും സര്‍ക്കാരായിരിക്കും ഇത്. നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ച പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. എല്ലാവരുടേയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. പൊതുസമൂഹത്തിന്റെ മനസ്സ് ഒപ്പമുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് വകുപ്പുകള്‍ വ്യക്തമാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തന്റെ ആളുകളെന്ന് പറഞ്ഞ് നടക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു. ഇന്ന് തന്‍രെ പിറന്നാളാണെന്ന് വെളിപ്പെടുത്തിയാണ് പിണറായി വിജയന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ജനനതീയ്യതി മാര്‍ച്ച് 21നാണെങ്കിലും താന്‍ ജനിച്ചത് മെയ് 24നാണെന്ന് പിണറായി വിജയന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു.