‘അതുല്യം’ പരീക്ഷ പൂര്‍ത്തിയായി;ജില്ലയില്‍ 18,038 പേര്‍ പരീക്ഷ എഴുതി

1മലപ്പുറം: സാക്ഷരതാമിഷന്‍ മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘അതുല്യം’ രണ്ടാം ഘട്ടം സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ പൊതു പരീക്ഷ അക്ഷരോത്സവം ജില്ലയില്‍ പൂര്‍ത്തിയായി. 18,038 പേരാണ്‌ ആകെ പരീക്ഷ എഴുതിയത്‌. 13,691 സ്‌ത്രീകളും 4,347 പുരുഷന്‍മാരും പരീക്ഷ എഴുതിയവര്‍ 3,424 പട്ടികജാതിക്കാരും ,648 പട്ടിക വര്‍ഗക്കാരുമുണ്ട്‌. 274 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ നടന്നത്‌.

പരപ്പനങ്ങാടി സദ്ദാം ബീച്ച്‌ ബദരിയ്യ മദ്രസ പരീക്ഷാ കേന്ദ്രത്തില്‍ രാവിലെ 10 ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ പഠിതാക്കള്‍ക്ക്‌ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്‌താണ്‌ പരീക്ഷക്ക്‌ തുടക്കമായത്‌. ജീവിത സാഹചര്യങ്ങള്‍ക്കൊണ്ട്‌ നഷ്ടപ്പെട്ട പഠനാവസരം അതുല്യം പദ്ധതിയിലൂടെ തിരിച്ച്‌പിടിച്ച പഠിതാക്കളെ മന്ത്രി അഭിനന്ദിച്ചു. പഠനം നാലാംതരത്തില്‍ നിര്‍ത്തരുതെന്നും ഏഴ്‌ , പത്ത്‌ , ഹയര്‍സെക്കന്ററി തുല്യത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പഠിതാക്കളോട്‌ പറഞ്ഞു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു. , വൈസ്‌.പ്രസിഡന്റ്‌ പി.കെ.ജമാല്‍ , സംസ്ഥാന സാക്ഷരതാമിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം , ജോയിന്റ്‌ ഡയറക്ടര്‍ ആര്‍.ശശികുമാര്‍ , തുല്യതാ കോഡിനേറ്റര്‍ എം.എം.ഷറഫുദീന്‍ , ജില്ലാ സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ സി.അബ്ദുല്‍ റഷീദ്‌ , പ്രേരക്‌ എ.സുബ്രമണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

photo 1 (1)കാരാത്തോട്‌ പി.എം.എസ്‌.എ. എ.യു.പി. എസ്‌ പരീക്ഷാകേന്ദ്രം ഐ.ടി-വ്യവസായവകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി രാവിലെ 10.30 ന്‌ സന്ദര്‍ശിച്ചു. ചോദ്യപേപ്പര്‍ വിതരണോദ്‌ഘാടനവും മന്ത്രി നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌.പ്രസിഡന്റ്‌ പി.കെ കുഞ്ഞു , ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കഴുങ്ങില്‍ സുലൈഖ , ഗ്രാമ പഞ്ചായത്ത്‌ പി.കെ.അസ്‌ലു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി മൊയ്‌തീന്‍കുട്ടി, സംസ്ഥാന സാക്ഷരതാമിഷന്‍ മുന്‍ അംഗം സുകുമാര്‍ കക്കാട്‌ തുടങ്ങിയവര്‍ പങ്കെടുത്തു. എം.എല്‍.എ മാരായ കെ.മുഹമ്മദുണ്ണി ഹാജി , അബ്ദുറഹിമാന്‍ രണ്ടത്താണി ,പി. ശ്രീരാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ വിവിധ പരീക്ഷാകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
സ്‌കൂളുകള്‍ , മദ്രസകള്‍ , തദ്ദേശ സ്ഥാപനങ്ങള്‍ , സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍ . പഠിതാക്കള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യാത്ര , ഭക്ഷണം , പേന തുടങ്ങിയവ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 10.15 മുതല്‍ 11.15 വരെ മലയാളം , 11.30 മുതല്‍ 12.30 വരെ നമ്മളും നമുക്കുചുറ്റും , 12.40 മുതല്‍ 1.40 വരെ ഗണിതം , ഉച്ച കഴിഞ്ഞ്‌ 2.30 മുതല്‍ 3.30 വരെ ഇംഗ്ലീഷ്‌ ക്രമത്തിലാണ്‌ പരീക്ഷ നടന്നത്‌.
പരീക്ഷയുടെ മൂല്യനിര്‍ണ്ണയം ജൂണ്‍ രണ്ടാംവാരം വിവിധ ബ്ലോക്ക്‌ കേന്ദ്രങ്ങളില്‍ നടക്കും. പി.എന്‍.പണിക്കരുടെ ജന്‍മദിനമായ ജൂണ്‍ 19 ന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിള്‍ സമ്പൂര്‍ണ്ണ നാലാംതരം പ്രഖ്യാപനം നടക്കും.