അതിവേഗ റെയില്‍ പാതയുടെ നോഡല്‍ ഏജന്‍സിയായി കെ.എസ്.ഐ.ഡി.സി

തിരു: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അതിവേഗ റെയില്‍പാതയുടെ നോഡല്‍ ഏജന്‍സിയായി കേരളസംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ നിയമിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

പാതയുടെ പ്രായോഗികതയും, സാമ്പത്തിക വിജയസാധ്യതയെയും കുറിച്ച് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തിയ പ്രാരംഭ പഠനറിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പദ്ധതി വിജയമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനനുസൃതമായി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡി.എം.ആര്‍.ഡിയോട് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തുടര്‍നടപടികള്‍ക്കായി 20 കോടി രൂപ കെ.എസ്.ഐ.ഡി.സിക്ക് കൈമാറിക്കഴിഞ്ഞു.

13 മീറ്റര്‍ വീതിയുള്ള തൂണുകള്‍ക്ക് മുകളില്‍ 560 കിലോമീറ്റര്‍ നീളത്തിലായിരിക്കും പാത നിര്‍മ്മിക്കുക. ഉദ്ദേശം 1,18,000/ കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും 2020 മാര്‍ച്ചിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാവുമെന്ന് കരുതുന്നുവെന്നും പദ്ധതി രേഖ വിശദീകരിച്ചുകൊണ്ട് കേരള അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍ ഡി.എം.ഡി. ടി.ബാലകൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന്‍, കെ.എം.മാണി, പി.കെ.കൂഞ്ഞാലികുട്ടി എന്നിവര്‍ സംസാരിച്ചു.