അതിമാരക വൈറസിനെ കേരളത്തില്‍ കണ്ടെത്തി.

തിരു : രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ രക്ത സാമ്പിളില്‍ നിന്ന് അതീവ മാരകമായ രോഗാണു കണ്ടെത്തി. മരണത്തിനു വരെ കാരണമായേക്കാവുന്ന ഹാന്‍ഡാവൈറസാണ് കണ്ടെത്തിയത്.

എലിയുടെ കാഷ്ഠത്തില്‍ നിന്നോ, മൂത്രത്തില്‍ നിന്നോ മനുഷ്യനിലേക്ക് പകരുന്ന ഈ രോഗാണുമൂലമുണ്ടാകുന്ന രോഗം വ്യാപകമായി പടരാന്‍ സാധ്യതതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കി.

കുളിരും പനിയും മേലുവേദനയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. പനിക്കുള്ള മരുന്നു കഴിക്കുന്നതോടെ കുറഞ്ഞ ആശ്വാസം ലഭിക്കുമെങ്കിലും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശ്വാസ തടസവും തലവേദനയും ശര്‍ദ്ദിയുമടക്കമുള്ള അസുഖങ്ങള്‍ ഉണ്ടാവുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്നതുമാണ്.