അഞ്ചേരി ബേബി വധം; കുട്ടനും മദനനും അറസ്റ്റില്‍

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ ഒന്നാം പ്രതി കൈനികരി കുട്ടനും മൂന്നാം പ്രതി ഒ ജി മദനനും അറസ്റ്റിലായി. കൂട്ടനെ ഉടുമ്പന്‍ചോലയിലെ വീട്ടില്‍ നിന്നും ഒ ജി മദനനെ രാജക്കാട്ടെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ ഇരുവരെയും ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം കട്ടപ്പന കോടതിയില്‍ ഹാജരാക്കും. കേസില്‍ രണ്ടാം പ്രതിയായ സിപിഎം മുന്‍ സെക്ട്രട്ടറി എംഎം മണിയെ അന്വേഷണ സംഘം കഴിഞ്ഞ 21 ന് അറസ്റ്റ് ചെയ്തിരുന്നു.

വധക്കേസുമായി ബന്ധപ്പെട്ട് പ്രതികളോട് നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമോപദേശം അനുസരിച്ച് പ്രതികള്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് മറുപടി നല്‍കിയതോടെയാണ് പോലിസ് അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോയത്.

എംഎം മണി മണക്കാട് വെച്ച് നടത്തിയ വിവാദപ്രസംഗമാണ് അഞ്ചേരി വധക്കേസ് പുനരന്വേഷിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.