അഞ്ചാം മന്ത്രി തര്‍ക്കം തെരുവിലേക്ക്

മലപ്പുറം: മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തിനായി നിലനില്‍കുന്ന യുഡിഎഫിനകത്തെ തര്‍ക്കം തെരുവിലേക്ക്.

ഇന്നലെ ഹരിപ്പാട് ചെന്നിതലയുടെ വീട്ടിലേക്ക് നടന്ന യൂത്ത് ലീഗ് മാര്‍ച്ചിന് മറുപടിയായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പുറം വാഴക്കാട്ടുള്ള ഇ.ടി മുഹമ്മദ് ബഷീറിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ചൊവ്വാഴിച്ച രാത്രി ഏഴരയോടെ നടന്ന യൂത്ത് ലീഗ് -കോണ്‍ഗ്രസ് സംഘട്ടനത്തില്‍ 10 പേര്‍ക്കാണ് പരിക്കേറ്റത്.

യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്‌സല്‍ എളമരത്തിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍പങ്കെടുത്ത പ്രകടനം എളമരത്തെ ഇ.ടിയുടെ വീടിനടുത്തേക്ക് നീങ്ങുമ്പോള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് തടയുകയായിരുന്നു. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും തുടര്‍ന്ന് പരസ്പരം കല്ലേറും നടത്തുകയുമായിരുന്നു. കല്ലേറില്‍ പരിക്കേറ്റ ഇ.ടി മുഹമ്മദ് ബഷീറിന്റെ മുന്‍ ഡ്രൈവര്‍ റഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അഞ്ചാം മന്ത്രി സ്ഥാനത്തിനുള്ള തര്‍ക്കം തന്നെ രൂക്ഷമാകുന്നത് മുസ്ലിംലീഗിന്റെ ചരിത്രത്തിലില്ലാത്ത ഒരു തെരുവിലിറക്കത്തിലൂടെ ആയിരുന്നു. അങ്ങാടിപ്പുറത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മഞ്ഞളാംകുഴി അലിയ്ക്കുവേണ്ടി കുഞ്ഞാലികുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു.

ഇന്നലെ മുസ്ലിംലീഗിന്റെ അടിയന്തിരയോഗം നടന്ന പാണക്കാട് തങ്ങളുടെ വീടിനുപുറത്ത് തടിച്ചുകൂടിയ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മന്ത്രിമാര്‍ അഞ്ചില്ലെങ്കില്‍ നാലും വേണ്ട എന്ന നിലപാടിലായിരുന്നു.

മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ് ലീഗ് ബന്ധം അത്ര സുഖകരമല്ല. ഇന്ന് യു.ഡിഎഫ് യോഗത്തില്‍ ലീഗ് അഞ്ചാം മന്ത്രിസ്ഥാനം തീരുമാനമായില്ലെങ്കില്‍ ഈ വിഷയം കൂടുതല്‍ തെരുവിലേക്ക് വലിച്ചിഴക്കപെടാനാണ് സാധ്യത. ജില്ലയ്ക്കകത്ത് പലയിടങ്ങളിലും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള ബന്ധം ഉലച്ചിലിലാണ്. തിരൂരങ്ങാടി, കുണ്ടോട്ടി നിയോജത മണ്ടലങ്ങളില്‍ ഇത് രൂക്ഷമാണ്. കെപിസിസിസി യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എടുത്ത ശക്തമായ നിലപാടാണ് അഞ്ചാം മന്ത്രി സ്ഥാനത്തിനെതിരായി കോണ്‍ഗ്രസ് നിലകൊണ്ടതെന്ന് കരുതുന്നവരാണ് ജില്ലയിലെ ലീഗ് നേതൃത്വം.