അഞ്ചാം മന്ത്രി ജില്ലയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍

മലപ്പുറം : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകര്‍ ആഘോഷതിമിര്‍പ്പിലായി. പച്ചലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണവര്‍ ആഘോഷം തുടങ്ങിയത്. ജില്ലയിലെങ്ങും ആഹ്ലാദ പ്രകടനങ്ങള്‍ നടന്നു.

അലിയുടെ മണ്ഡലമായ പെരിന്തല്‍മണ്ണയിലും നാടായ പനങ്ങാങ്ങരയിലും വലിയ ആഘോഷങ്ങള്‍ തന്നെയായിരുന്നു. പ്രകടനത്തില്‍ കോണ്‍ഗ്രസിനെതിരെയും ആര്യാടനെതിരായും പലയിടത്തും മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

പരപ്പനങ്ങാടിയില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകടനത്തില്‍ പാണക്കാട് തങ്ങളുടെ വാക്ക് പാഴ്വാക്കാവില്ലെന്നും ലീഗ് വിരോധം വിലപ്പോവില്ലെന്നും മലപ്പുറം ഡിസിസിക്കെതിരെയുമുള്ള മുദ്രാവാക്യങ്ങളുമുയര്‍ന്നു. പ്രകടനത്തിന് കടവത്ത് സൈതലവി, ചേക്കാലി റസാഖ്, പി.ഒ നയിം, അലി അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി .

താനൂരില്‍ നടന്ന യൂത്ത്് ലീഗിന്റെ ആഹ്ലാദപ്രകടനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ തെറിവിൡക്കുകയും അദേഹത്തിന്റെ കോലം കത്തിക്കാനുള്ള ശ്രമം നടക്കുകയും ചെയ്തു.