അഞ്ചാം ഇറ്റ്‌ഫോക്കിലെ പ്രമേയങ്ങള്‍

റിയാസുദ്ദീന്‍

ഭിന്നശേഷിയുള്ളവരുടെ(Differently Abled) കലാ പ്രകടനങ്ങളോടെ ആരംഭിച്ച നാടകോത്സവം ആദ്യ അവതരണത്തിലൂടെ തന്നെ കൈമാറിയത് ഈ എഡിഷന്‍ നാടകോത്സവം എവിടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നതാണ്. പ്രൊസീനിയത്തിനപ്പുറത്തേക്ക് നാടകത്തെ കൊണ്ടു പോകുക എന്നത് നാടകത്തിലുപരി രാഷ്ട്രീയമായ ഒരു തീരുമാനം കൂടിയാണ്. ആ അര്‍ത്ഥത്തില്‍ വഴിമാറിയുള്ള അവതരണങ്ങളും കുറവായിരുന്നു. നാടകോത്സവ സംഘാടനത്തിലെ കാഴ്ചപ്പാടില്ലായ്മയെ പ്രഖ്യാപിച്ചും ചില ആവര്‍ത്തനങ്ങളില്‍ അഭിരമിച്ചും കൊടിയിറങ്ങിയ അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തില്‍ (കഠഎീഗ) മെച്ചപ്പെട്ട ഏതാനും അവതരണങ്ങള്‍ മാത്രമാണ് അവശേഷിച്ചത്.

അധികാരത്തിനു വേണ്ടിയുള്ള രക്തച്ചൊരിച്ചിലുകള്‍
നാലാമത് ഇറ്റ്‌ഫോക്കിലെ വേറിട്ട അവതരണമായിരുന്നു കാര്‍മന്‍ ഫുണബ്രേ എന്ന പാവല്‍ സ്‌കോട്ടക്കിന്റെ നാടകം. യുദ്ധപ്രഭുക്കളുടെ സര്‍ച്ച് ലൈറ്റിനു കീഴെ അഭയാര്‍ത്ഥികളെപ്പോലെ കഴിയേണ്ടി വന്ന ഇരകളുടെ ദൈന്യതയാര്‍ന്നതും ഞെട്ടിക്കുന്നതുമായ ജീവിതമായിരുന്നു 45 മിനുട്ട് നീണ്ട സംഭാഷണമില്ലാത്ത നാടകം പറഞ്ഞത്. പൊയ്ക്കാലും തീയും വെടിവെപ്പും ചോരയും കര്‍ണ കഠോരമായ ലോഹമുരയുന്ന ശബ്ദവുമായി കാണികളെ സംഭ്രമിപ്പിച്ച കാര്‍മന്‍ ഫുണബ്രേക്ക് ശേഷം ഇത്തവണ സ്‌കോട്ടക്ക് എത്തിയത് മാക്ബത്തുമായാണ്. അധികാരത്തിനു വേണ്ടിയുള്ള രക്തച്ചൊരിച്ചില്‍ വിഷയമാക്കിയ മാക്ബത്തിനെ പുതിയ കാലത്തേക്ക് കൊണ്ടുവരുന്നതിലാണ് സ്‌കോട്ടക്ക് അതിയായ സാമര്‍ത്ഥ്യം കാട്ടിയിരിക്കുന്നത്. വില്യം ഷേക്‌സ്പിയറുടെ മാക്ബത്തിനെ അടിസ്ഥാനമാക്കി തുറന്ന വേദിയില്‍ സ്‌കോട്ടക്ക് ഒരുക്കിയ ഈ നാടകം പൊയ്ക്കാലും തീയും വെടിയുണ്ടയും രക്തച്ചൊരിച്ചിലും മിലിട്ടറി ബൈക്കും മറ്റുമായി പുതിയ കാലത്തെ യുദ്ധപ്രഭുക്കളുടെ ജീവിതവും മാനസികനിലയുമാണ് ആവിഷ്‌കരിച്ചത്. ദുരയുടേയും അധികാരമോഹത്തിന്റെയും കോട്ടകളിലെ അണയാത്ത തീയുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഇളം തലമുറയെ സ്‌കോട്ടക്ക് മാക്ബത്ത്, ഹൂ ഈസ് ദിസ് ബ്ലഡീഡ് മാന്‍ എന്ന നാടകത്തിലൂടെ കാണിച്ചു തരുന്നു. പൊയ്ക്കാലില്‍ വരുന്ന, മനുഷ്യര്‍ക്ക് മനസ്സിലാകാത്ത ഭാഷ പറയുന്ന ഭൂതങ്ങളെ സ്‌കോട്ടക്ക് ആവിഷ്‌കരിച്ച രീതി മാത്രം മതി ആധുനിക നാടക വേദി സ്വയം നവീകരിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍. എന്നാല്‍ 90കളില്‍ തന്നെ അരങ്ങിലെത്തിയിട്ടുള്ള ഈ നാടകങ്ങള്‍ ഇന്നും മലയാളിക്ക് അന്യമായ ഒരു കാഴ്ചയാണ് തുറന്നിടുന്നതെന്ന് അറിയുമ്പോഴാണ് സമകാലിക മലയാള നാടകം താണ്ടേണ്ട ദൂരം മനസ്സിലാകുക.
മുന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനുമായ അഭിലാഷ് പിള്ള കഴിഞ്ഞ വര്‍ഷം ക്ലൗഡ്ഡ്‌സ് ആന്‍ഡ് ക്ലൗണ്‍സ് എന്ന പേരില്‍ ആവിഷ്‌കരിച്ച സര്‍ക്കസ് പ്ലേ, ഇത്തരത്തില്‍ ഒന്നായിരുന്നു. 60കളുടെ ഒടുക്കം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സര്‍ക്കസ് എന്ന കലാരൂപം നഷ്ടത്തിലായപ്പോള്‍ അതിന്റെ മൃതശരീരത്തില്‍ നാടകത്തിന്റെ ജീവനൂതി വിട്ട് പുറത്തിറക്കിയ സര്‍ക്കസ് നാടകങ്ങള്‍ 70കളോടെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ലോക സര്‍ക്കസിന് ഏറെ കലാകാരന്മാരെ സംഭാവന ചെയ്തിട്ടുള്ള തലശ്ശേരി സ്വന്തമായിട്ടുള്ള മലയാളത്തില്‍ അത്തരം ഒരു അവതരണം വരുന്നത് 2011ല്‍ മാത്രമാണ്. ആ അവതരണം കാണാനെത്തിയ നാടകക്കാര്‍ തന്നെ കൂവിക്കൊണ്ട് നാടകം മാറ്റിവെപ്പിച്ചു. വെറും സര്‍ക്കസ് കളിക്കാന്‍ കമ്പനിക്കാര്‍ നിര്‍ബന്ധിതരായത് ഈ സമയത്ത് ഓര്‍ക്കാവുന്നതാണ്.

വെള്ളിത്തിളക്കത്തോടെ ഫെല്ലിനി

തിയറ്റര്‍, സംഗീതം, ഡിജിറ്റല്‍ സ്റ്റേജിങ്, വീഡിയോ ആര്‍ട്ട് എന്നിങ്ങനെ വിവിധങ്ങളായ സങ്കേതങ്ങളുടെ സമന്വയത്തിലൂടെയാണ് സംവിധായകന്‍ പീനോ ദി ബുദോ തന്റെ സൃഷ്ടികള്‍ സാധ്യമാക്കുന്നത്. നാലാമത് ഇറ്റ്‌ഫോക്കില്‍ ശ്രദ്ധേയമായ ജൂലിയസ് വെര്‍ണെയുടെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച 20000 ലീഗ്‌സ്് അണ്ടര്‍ ദ സീ എന്ന നാടകത്തിന്റെ തുടര്‍ച്ച പോലെയാണ് ഇത്തവണ ഫെല്ലിനീസ് ഡ്രീമുമായി ബുദോ എത്തിയത്. ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചലചിത്രകാരനായ ഫെഡറികോ ഫെല്ലിനിയുടെ കഥാപാത്രങ്ങളെ ഡിജിറ്റല്‍ സിനോഗ്രാഫിയുടെ സഹായത്തോടെ അരങ്ങിലെത്തിച്ച ഫെല്ലിനീസ് ഡ്രീം വേറിട്ട രംഗാവതരണമായിരുന്നു. ഫെല്ലിനിയുടെ കഥാപാത്രങ്ങളുടെ അസ്തിത്വം തേടിയുള്ള അലച്ചിലും അവയ്ക്കിടയില്‍ അവരുടെ സംഗമവുമാണ് ഫെല്ലിനീസ് ഡ്രീമിന്റെ വിഷയം. വെള്ളിത്തിരയില്‍ നിന്നെത്തുന്ന കഥാപാത്രങ്ങളെല്ലാം തിരികെ വെള്ളിത്തിരയിലേക്ക് തന്നെ നിഷ്‌ക്രമിക്കുമ്പോള്‍ അരങ്ങില്‍ നാടകത്തിലുപരി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ സ്ഥലവും നിലയും അത്ഭുതകരമായി അടയാളപ്പെടുത്തുന്നു പിനോ ദി ബുദോ. ദൃശ്യഭാഷയുടെ നവീകരണത്തിനായി ലോകനാടകവേദി എങ്ങനെയെല്ലാം തലപുകയ്ക്കുന്നു എന്ന് സ്വപ്നസമാനമായ ഈനാടകം കാണിച്ചു തരുന്നു. നാടകത്തിനൊടുക്കം കാണിയെ നോക്കിക്കൊണ്ടിരിക്കുന്ന ഫെല്ലിനിയുടെ ചിത്രം നാടകത്തിന്റെയും സിനിമയുടേയും അതിര്‍വരമ്പില്‍ പിനോദി ബുദോയുടെ തിയറ്റര്‍ മാന്ത്രികത ബോധ്യപ്പെടുത്തുന്ന ഒരു ദൃശ്യമാണ്.

അശ്വാരൂഢനായ മാര്‍ക്‌സ് (ക്ഷമിക്കണം മരക്കുതിരയാണ്.)
മരക്കുതിരപ്പുറത്തു നിന്ന് താഴെ വീഴുന്ന കാറല്‍ മാര്‍ക്‌സിന്റെ ചിത്രത്തോടെ ആരംഭിക്കുന്നു ആന്‍ഡ്രിയാ കുസുമാനോയുടെ പെറ്റിറ്റ് ഷെവാല്‍ ബ്ലാങ്ക് എന്ന നാടകം. കൃത്യവും വ്യക്തവുമായ രാഷ്ട്രീയം ഉള്ളടക്കം ഭേദിച്ചു പുറത്തു വന്ന നാടകോത്സവത്തിലെ അപൂര്‍വ്വം നാടകങ്ങളില്‍ ഒന്നായിരുന്നു ഇത്. വര്‍ഗ ബന്ധങ്ങളെ വിശകലനം ചെയ്യുന്ന നാടകം, വൃദ്ധനായ കാസനോവ തന്റെ പ്രതാപ കാലം ഓര്‍ക്കുന്നതോടെയാണ് ആരംഭിക്കുന്നത്. തന്റെ പ്രണയ പരാക്രമങ്ങളുടെ ഓര്‍മയില്‍ ജീവിക്കുന്ന കാസനോവ ചുമരിലെ ഛായാചിത്രത്തിലെ സ്ത്രീയായി മാറുന്നു. തുടര്‍ന്ന് അരങ്ങില്‍ നിറയുന്നത് അകത്തളങ്ങളിലെ ജോലിക്കാരാണ്. ഞാന്‍ ബുദ്ധികൊണ്ട് പണിയെടുക്കുന്നതിനാല്‍ എന്നെ നേരാംവണ്ണം ഊട്ടേണ്ടത് നിങ്ങളുടെ ചുമതലയാണെന്ന് പരിചാരകനെ ഓര്‍മ്മിപ്പിക്കുന്ന കാര്യസ്ഥന്‍, അയാളുടെ ഗര്‍വ്വോടെയുള്ള ഭാഷണങ്ങള്‍ പുത്തന്‍ വര്‍ഗ ബന്ധങ്ങളിലൂടെ ഉയിര്‍ത്തു വന്ന കങ്കാണി രാഷ്ട്രീയാധികാരത്തെ പ്രതിനിധീകരിക്കുന്നു. പ്രതീക്ഷിക്കുന്നതു പോലെ പെരുമാറാനാവാത്തത് ഞാന്‍ ഒന്നും തിന്നാത്തതിനാലാകും എന്ന് വികാരമേതുമില്ലാതെ പറയുന്ന പരിചാരകന്‍. മാവുകുഴച്ചു കൊണ്ടിരിക്കേ തളര്‍ന്നു വീണ പാചകക്കാരി, നാടകത്തിലെ ഏറ്റവും സുപ്രധാനമായ കാര്യം ഈ കഥാപാത്രത്തിന്റെ ശബ്ദമില്ലായ്മയാണ്. അവള്‍ കുശിനിയില്‍ എപ്പോഴും ജോലിയെടുത്തു കൊണ്ടിരിക്കുന്നു. ഒന്നും ശരിയല്ല എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന മറ്റൊരാള്‍. അയാള്‍ അവധൂതനെപ്പോലെ അരങ്ങില്‍ ചുറ്റി നടക്കും. അധികാരത്തിന്റെ പരസ്പര പൂരിതങ്ങളായ ശ്രേണീ ബന്ധങ്ങളെ കൂടിയാണ് ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ അനിമല്‍ഫാമിന്റെ സ്വാധീനത്തില്‍ വികസിപ്പിച്ചെടുത്ത നാടകം പ്രശ്‌നവത്കരിക്കുന്നത്.
തിയറ്റര്‍ പരിശീലനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ശക്തമായ രാഷ്ട്രീയ ധ്വനികളുള്ള അവതരണമായിരുന്നു സ്റ്റ്യുവര്‍ട്ട് ലിന്‍ചിന്റെ ഏകപാത്ര നാടകമായ ലിന്‍ച് കണ്‍സെര്‍ട്ട്. അധ്യാത്മികതയേയും പോപ്പ് കള്‍ചറിനേയും ആഘോഷിക്കപ്പെടുന്ന ആണത്തത്തേയുമെല്ലാം നിശിതമായി വിമര്‍ശിച്ച ലിന്‍ച് വസ്ത്രമുരിയലും ലിംഗഛേദവുമെല്ലാമായി വേറിട്ടു നിന്നു. ആധ്യാത്മികതയുടെ ഓങ്കാര ശബ്ദത്തിനിടെ പ്രണയിക്കാനും സമാധാന കാംക്ഷിയാകാനും കാണിയെ ഉല്‍ബോധിപ്പിക്കുന്ന സ്പിരിച്വല്‍ ഗുരു കിതപ്പോടെ ഭോഗിക്കാനും ആവശ്യപ്പെടുന്നു. പോപ്പ് കള്‍ച്ചറില്‍ ഒരു പെര്‍ഫോമര്‍ക്ക് ലഭിക്കുന്നത് അടിവസ്ത്രങ്ങള്‍ (സ്ത്രീകളുടെ) കൊണ്ടുള്ള ആദരവാണ് എന്നെല്ലാം കറുത്ത ഹാസ്യത്തില്‍ തീര്‍ത്തതായിരുന്നു ലിഞ്ചിന്റെ ഷോ.

കാര്‍മനും ശരീരവും

ഭാഷയ്ക്കു മേല്‍ ശരീരത്തെ ആഘോഷിച്ച അവതരണങ്ങള്‍ക്കായിരുന്നു അഞ്ചാം ഇറ്റ്‌ഫോക്കില്‍ മേല്‍ക്കൈ. ജോര്‍ജ്ജിയയുടെ കാര്‍മന്‍-കൊറിയോഡ്രാമ, റൊമാനിയയുടെ ടു ഓഫ് അസ്, ദിസ് ഈസ് മൈ ബോഡി കം ഇന്‍ ടു മൈ മൈന്‍ഡ്, ദ നോക്കിംഗ് വിത്തിന്‍, എന്നിവ അത്തരം അവതരണങ്ങളായിരുന്നു. വാക്കിന്റെ അപ്രമാദിത്യത്തിനു മുകളില്‍ സാര്‍വദേശീയമായ സംവേദന ത്വരയോടെ ചിട്ടപ്പെടുത്തിയ ആവിഷ്‌കാരങ്ങളില്‍ കാര്‍മന്‍ മാത്രമായിരുന്നു തീവ്രമായ അനുഭവം പകര്‍ന്നു തന്നത്. ക്ലാസ്സിക് കഥാ കാവ്യവിന് അര്‍ഹിക്കുന്ന രംഗഭാഷയൊരുക്കിയത് ത്ബിലിസി മ്യൂസിക് ആന്‍ഡ് ഡ്രാമ സ്റ്റേറ്റ് തിയറ്ററിന്റെയും യുകെയിലെ മൂവിങ് തിയേറ്ററിന്റെയും കലാകാരന്മാരാണ്. രംഗക്രിയകളുടെ കൃത്യതയും അരങ്ങില്‍ സംവേദനത്തിന്റെ സമഗ്രതയും ഉറപ്പു വരുത്തി കാര്‍മന്‍. പ്രണയവും മരണവും വിരഹവുമെല്ലാം പ്രതിപാദിക്കുന്ന പ്രൊഫഷണല്‍ ബാലേ നര്‍ത്തകരുടെ എക്കാലത്തേയും പ്രിയപ്പെട്ട കാര്‍മന്‍ സ്യൂട്ട് നാടകോത്സവത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ അവതരണങ്ങളില്‍ ഒന്നായിരുന്നു.

സ്ത്രീശരീരവും മനസ്സും ബാല്യത്തിലും യൗവ്വനത്തിലും എങ്ങനെയെല്ലാം എന്ന് വിശകലനം ചെയ്യുന്നു അലക്‌സാണ്ട്ര ഫെല്‍സിഗി സംവിധാനം ചെയ്ത ദിസ് ഈസ് മൈ ബോഡി, കം ഇന്‍ടു മൈ മൈന്‍ഡ്. ഒരേ നിലയില്‍ പാര്‍ക്കുന്ന രണ്ടുപേരെ പോലെ ശരീരവും മനസ്സും അതിന്റെ സ്വാഭാവികതയും അസ്വാഭാവികതയുമെല്ലാം ആവിഷ്‌കരിക്കപ്പെട്ട നാടകം തീവ്രമായ അനുഭവമായിരുന്നു. ലളിതമായ രംഗക്രിയകളാല്‍ പെണ്മയെ പുനര്‍ നിര്‍ണ്ണയിച്ച നാടകം യൂറോപ്യന്‍ നടനക്രിയകളുടെ ഊര്‍ജ്ജം അനുഭവിപ്പിക്കുന്നതായി.

ടു ഓഫ് അസ്, വ്യത്യസ്തമായ ഒരു പ്രണയകഥയാണ്. അന പെപ്പിന്‍, പോള്‍ സിംപോയിറു എന്നിവര്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ച ഈ നാടകം രണ്ടുപേരുടെ ജീവിത മുഹൂര്‍ത്തങ്ങളെ ലളിതമായ നാട്യ ക്രിയകളിലൂടെ ആവിഷ്‌കരിക്കുന്നു. പ്രണയവും രതിയും ഏകാന്തതയും എല്ലാം അവതരിപ്പിച്ച രീതി കവിത പോലെ ഹൃദ്യവും ആകര്‍ഷകവുമായിരുന്നു.
ഷേക്‌സ്പിയര്‍ കൃതികളെ അവലംബിച്ച് സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തിയാണ് അനിക്കായി ഡാന്‍സ് തിയറ്റര്‍ ദ നോക്കിംഗ് വിത്തിന്‍ ഒരുക്കിയത്. ഒരു സ്ത്രീയും പുരുഷനും അവരുടെ കണക്കില്ലാത്ത ദുഃസ്വപ്നങ്ങളും ഇരുവരും അതിനെ വ്യാഖ്യാനിക്കുന്നതും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളുമായിരുന്നു നാടകം. ക്രമപ്പെടുത്തിയ ശരീര ചലനങ്ങളാല്‍ മാത്രം ചിട്ടപ്പെടുത്തിയ നാടകം ഝാര്‍ഖണ്ഡ് സ്വദേശി പ്രഥം നായിക്കിന്റെ അസാമാന്യമായ ശരീര വഴക്കങ്ങളിലൂടെയുമാണ് ശ്രദ്ധേയമായത്.ഗോത്ര വഴക്കങ്ങളുടെ അനന്യതയോടെയാണ് പ്രഥം നായിക്ക് യൂറോപ്യന്‍ അഭിനേത്രിയുടെ വ്യത്യസ്തമായ ശരീരഭാഷയെ നേരിടുന്നത്. അത് പ്രത്യേകത നിറഞ്ഞ അനുഭവമായിരുന്നെങ്കിലും അവര്‍ കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങളേക്കാള്‍ ദുര്‍ഗ്രഹമായിരുന്നു നാടകം.

ഫൂട്ട്‌സ്ബാണ്‍ ട്രാവലിങ് തിയറ്റര്‍ തിരുവനന്തപുരം അഭിനയ തിയറ്റര്‍ വില്ലേജുമായി സഹകരിച്ച് നിര്‍മ്മിച്ച ഇന്ത്യന്‍ ടെംപസ്റ്റ്, ഷേക്‌സ്പിയറുടെ കാലിബന്‍ എന്ന കഥാപാത്രത്തിന് അക്ഷരവും അഗ്നിയും നല്‍കി അവസാനിപ്പിക്കുന്നു എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ അരങ്ങില്‍ കാര്യമായ ചലനമൊന്നും തന്നെ ഉണ്ടാക്കിയില്ല. നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട മറ്റു ഷേക്‌സ്പിയര്‍ നാടകങ്ങളേക്കാള്‍ പുറകിലാണ് ഇന്ത്യന്‍ ടെംപസ്റ്റിന്റെ സ്ഥാനം എന്നു പറയേണ്ടി വന്നത് ദുഃഖകരമാണ്. രഘൂത്തമന്‍, ഗോപാലന്‍, കനി എന്നിവരുടെ നാടകങ്ങള്‍ മുമ്പ് കണ്ടിട്ടുള്ളവര്‍ക്കെല്ലാം ഇവരുടെയെല്ലാം പ്രകടനത്തിന്റെ കാര്യത്തിലും നിരാശ തോന്നിപ്പിക്കും വിധം ആവര്‍ത്തന വിരസമായിരുന്നു നാടകം. കാലികമായി ഷേക്‌സ്പിയര്‍ കൃതികള്‍ക്ക് പുതിയ വായനകള്‍ വന്നു കൊണ്ടിരിക്കുന്ന കാലത്താണ് യൂറോപ്യന്‍ ഉടുത്തു കെട്ട് നാടകങ്ങളുടെ വഴക്കം വിടാതെയും വിസ്തരിച്ച് കളിച്ചും അഭിനയ ടെംപസ്റ്റ് വിരസമാക്കി കളഞ്ഞത്. രാഷ്ട്രീയമായി പാഠത്തേയും അവതരണത്തേയും സമീപിക്കാനുള്ള താല്പര്യമില്ലായ്മ കൊണ്ടു കൂടിയാണ് ടെംപസ്റ്റ് ഒരു ഷോ മാത്രമായി തരം താഴ്ന്നത്.
ഹെയ്‌നര്‍ മ്യുള്ളറുടെ ഹാംലറ്റ് മെഷീന്‍ എല്‍വീനാ കോഫ്മാന്റെ സംവിധാനത്തില്‍ വേണ്ടത്ര മിഴിവുണ്ടായിരുന്നില്ല. നാടക ബാഹ്യമായി ഉരുവിടുന്ന സംഭാഷണങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയി ഹാംലറ്റ് മെഷീന്‍.

വിചാരണകളുടെ അരങ്ങ്
ഇന്ത്യന്‍ അവതരണങ്ങളില്‍ ശ്രദ്ധേയമായത് സുനില്‍ ഷാങ്ബാഗ് സംവിധാനം ചെയ്ത സെക്‌സ് മൊറാലിറ്റി ആന്‍ഡ് സെന്‍സര്‍ഷിപ്പ് എന്ന നാടകമായിരുന്നു. വിജയ് ടെണ്ടുല്‍ക്കറുടെ സഖാറാം ബൈന്‍ഡറിന്റെ അവതരണത്തെ മുന്‍നിര്‍ത്തി സെന്‍സര്‍ നിയമങ്ങളേയും സദാചാര ധാരണകളെയും വിചാരണ ചെയ്യുന്ന ഈ നാടകം, അഭിനേതാക്കള്‍ അനേകം കഥാപാത്രങ്ങളായി മാറുന്നതിന്റെ വിസ്മയം കൂടി പങ്കുവെച്ചു. കൊളോണിയല്‍ നിയമങ്ങളുടെ ചുവടു പിടിച്ച് ജനാധിപത്യ ഭരണ കൂടം നിരോധിച്ച അവതരണമായിരുന്നു വിജയ്‌ടെണ്ടുല്‍ക്കറുടെ സഖാറാം ബൈന്‍ഡര്‍ എന്ന നാടകം. ആ കിരാത നിയമത്തെ അടിമുടി വിചാരണ ചെയ്യുന്ന സെക്‌സ് മൊറാലിറ്റി ആന്‍ഡ് സെന്‍സര്‍ഷിപ്പ് കൊളോണിയല്‍ കാഴ്ച പ്രദേശമെന്ന അപഖ്യാതിയുള്ള പ്രൊസീനിയത്തില്‍ തന്നെയാണ് നിലയുറപ്പിച്ചത്. നാടകത്തിന്റെയും സംസ്‌കാരത്തിന്റെ തന്നെയും ആവിഷ്‌കാരബദ്ധമായ തട്ടിപ്പുകളെയും മുന്‍ധാരണകളെയും നിശിതമായി വിമര്‍ശന വിധേയമാക്കാന്‍ നാടകത്തിനു കഴിഞ്ഞു. അഭിനേതാക്കളുടെ അനായാസേനയുള്ള പെരുമാറല്‍ നാടകത്തെ അരങ്ങില്‍ ഒരു സംവാദത്തിന്റെ നിലയിലേക്ക് ഉയര്‍ത്തി. ഏറിയ സമയ ദൈര്‍ഘ്യം അതുകൊണ്ടു തന്നെ പ്രേക്ഷകനെ തെല്ലും നാടകത്തില്‍ നിന്ന് അകറ്റിക്കളഞ്ഞതുമില്ല. പൊളളയായ മൂല്യബോധത്തിനു പുറത്ത് പട്ടിട്ടു മൂടിയ നമ്മുടെ തന്നെ മാലിന്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് സഖാറാംബൈന്‍ഡര്‍ എന്ന നാടകം. ഭാര്യ അനുഷ്ഠിക്കേണ്ട പതിപൂജയും ദാസ്യവുമെല്ലാം പാവനമായി കണക്കാക്കുന്ന കപട സാമൂഹിക സാംസ്‌കാരിക മൂല്യബോധത്തിന്റെ തടവുകാര്‍ക്കു നേരെയാണ് വിജയ്‌ടെണ്ടുല്‍ക്കറുടെ ചമ്പ എന്ന സ്ത്രീ കഥാപാത്രത്തെ മുന്‍ നിര്‍ത്തി നാടകം ശബ്ദമുയര്‍ത്തുന്നതും തന്മ(കറലിശേ്യേ)യെക്കുറിച്ച് ഉറക്കെ സംസാരിക്കുന്നതും. സെന്‍സര്‍ നിയമങ്ങളെയും അതിന്റെ കാടത്തത്തെയും പറ്റിയുള്ള റഫറന്‍സിനായി നാടകത്തില്‍ നിന്ന് ഏതാനും ഭാഗം മാത്രമേ അരങ്ങില്‍ എത്തിച്ചുള്ളൂവെങ്കിലും ഒരു മുഴു നാടകത്തിന്റെ തീക്ഷ്ണത നാടകത്തിനുള്ളിലെ നാടകം പ്രദാനം ചെയ്തു എന്നത് ശ്രദ്ധേയമാണ്.

വീരാംഗനമാര്‍
മുഗള്‍ സൈന്യം വധിച്ച ഫ്രാസെങ്മുംഗ് ബാംരഗോഹിങ്ങിന്റെ വിധവയുടെ പോരാട്ടത്തിന്റെ കഥയാണ് ഗുണകര്‍ ദേവ് ഗോസാമിയുടെ അസമിയ നാടകം വീരാംഗന പറഞ്ഞത്. അസമിലെ നാടോടി നാടകങ്ങളുടെ രീതിയില്‍ ചിട്ടപ്പെടുത്തിയ വീരാംഗന ഒരു ശരാശരി നാടകമായിരുന്നു. യുദ്ധവും കൊലപാതകവുമെല്ലാം ചിത്രീകരിച്ച നാടകം പശ്ചാത്തലത്തെ സമൃദ്ധമാക്കിയ അസമിയ ശീലുകളുടെ മനോഹാരിതയാല്‍ മാത്രം ജീവനോടെ നിന്നു.

ഹിഡന്‍ ഇന്‍ പ്ലെയിന്‍സൈറ്റ്, ആക്‌ടേഴ്‌സ് എന്‍സമ്പിള്‍ ബാംഗ്ലൂരിലെ മല്ലികാപ്രസാദിന്റെ ഏകപാത്ര അവതരണമായിരുന്നു. സാധാരണമായ ജീവിതാവസ്ഥകളെ അസാധാരണമായി നേരിട്ട നാലു സ്ത്രീകളുടെ കഥ പറയുന്ന നാടകം നാട്യഭംഗിയില്‍ ഏറെ മുന്നിട്ടു നിന്നെങ്കിലും പ്രമേയത്തിന്റെ ഏകാഗ്രതയില്‍ പതറിപ്പോയി.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ പബിത്ര രബ്ബ ദാപോണ്‍ ദ മിറര്‍ ഉഡല്‍ഗുഡി എന്ന സംഘത്തിലെ മുപ്പതോളം പൊക്കം കുറഞ്ഞവരെ കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത അസമിയ നാടകം കിനോകാവേ; വാട്ട് ടു സേ കേവല കൗതുകം മാത്രമേ ഉണ്ടാക്കിയുള്ളൂ.

ഷൂസെ സരാമാഗോവിന്റെ രണ്ടു രചനകളുടെ നാടക രൂപങ്ങളാണ് അഞ്ചാം ഇറ്റ്‌ഫോക്കില്‍ അവതരിപ്പിക്കപ്പെട്ടത് ദ എലിഫെന്റ്‌സ് ജേര്‍ണിയെ അടിസ്ഥാനമാക്കി മോഹിത് തഖല്‍ക്കര്‍ നിര്‍മ്മിച്ച ഗജബ്കഹാനി യും ബ്ലൈന്‍ഡ്‌നസ്സിനെ ഉപജീവിച്ച് എസ്. സുനില്‍ സംവിധാനം ചെയ്ത അന്ധതയും. സംഭാഷണത്തിന്റെ അതിപ്രസരത്താല്‍ തകര്‍ന്നു പോയ നാടകമാണ് ഗജബ്കഹാനി. കണ്ണൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സ് ക്ലബ്ബ്് അവതരിപ്പിച്ച അന്ധത നിലവാരമുള്ള അവതരണത്തോടെ വേറിട്ടു നിന്നു.
മായാകൃഷ്ണറാവു അവതരിപ്പിച്ച രാവണമയും അര്‍ജുന്‍ റെയ്‌നയുടെ ദ കൊളോണിയല്‍, ദ കൊണ്‍വിക്ട്. ദ കൊക്കാറ്റോയും നിരാശപ്പെടുത്തിയപ്പോള്‍ ഒലിയാകുലി ക്വദാകുലിയുടെ കിങ്‌ലിയര്‍ ശ്രദ്ധേയമായ അവതരണം കാഴ്ചവെച്ചു.

മലയാള നാടകങ്ങള്‍

ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ച് ഒരു ക്ലാസ്സ് റൂം പ്രൊഡക്ഷനപ്പുറത്തേക്ക് ഉയരാനാകാതെ പോയ നാടകമാണ് തൃശ്ശൂര്‍ ജനഭേരിയുടെ അഭിമന്യു വിനയകുമാര്‍ സംവിധാനം ചെയ്ത യമദൂത്, ആഫ്റ്റര്‍ ദ ഡെത്ത് ഓഫ് ഒഥല്ലോ. സമകാലിക മലയാള നാടകവേദിയില്‍ ഉപയോഗിച്ചു വരുന്ന പല രംഗ സമ്പ്രദായങ്ങളും അവിദഗ്ദമായി ഉപയോഗിച്ച യമദൂത് ഇറ്റ്‌ഫോക്കിലെ വളരെയേറെ നിരാശപ്പെടുത്തിയ നാടകങ്ങളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്നു. ഈ വര്‍ഷത്തെ അമേച്വര്‍ നാടക മത്സരത്തില്‍ സമ്മാനിതരായ നാടകങ്ങള്‍ക്ക് ലഭിക്കാത്ത മുഖ്യവേദി ഇത്തരം നാടകങ്ങള്‍ക്ക് അനുവദിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് ആരെങ്കിലും ചോദിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. രചനയിലെ അപക്വതയാണ് യമദൂതിന്റെ പ്രധാന പോരായ്മ.
ഏറെ ജനശ്രദ്ധ നേടിയ അവതരണങ്ങളായിരുന്നു നരിപ്പറ്റരാജു സംവിധാനം ചെയ്ത ഇടുക്കി ദര്‍ശന കലാകേന്ദ്രത്തിന്റെ ഒഴിവുദിവസത്തെ കളിയും മുഖത്തല സ്വരലയ സാംസ്‌കാരിക സമിതി കൊല്ലം അവതരിപ്പിച്ച തുപ്പല്‍മത്സ്യവും. സമകാലിക ജീവിതാവസ്ഥകളുടെ ക്രൗര്യങ്ങളെ നിശിതമായി വിചാരണ ചെയ്യുന്ന ഒഴിവുദിവസത്തെ കളിയും ഭൂതകാലം അയവിറക്കുന്ന വൈകല്യത്തോടെയുള്ള മലയാളി സെന്‍സിബിലിറ്റിയെ പരിഹസിക്കുന്ന തുപ്പല്‍ മത്സ്യവും മലയാളത്തില്‍ നിന്നുള്ള ശക്തമായ സാന്നിധ്യങ്ങളായിരുന്നു. തൃശ്ശൂര്‍ രംഗചേതനയുടെ കെ. വി. ഗണേഷ് സംവിധാനം ചെയ്ത അകത്താരോയും മെച്ചപ്പെട്ട അവതരണമായിരുന്നു.
കച്ചവട നാടകങ്ങളുടെ പതിവു മസാലക്കൂട്ടില്‍ നിന്ന് അല്പം പോലും മാറാതെ മതിലേരിക്കന്നിയും പഴയ നാടക വീറിലേക്ക് ഉയരാന്‍ ശ്രമപ്പെട്ട് അതി ദയനീയമായി പരാജയപ്പെട്ട് കെ. പി. എ. സിയുടെ ശുദ്ധിക്കലശവും മലയാള കമേഷ്യല്‍ നാടകവേദിയുടെ വര്‍ത്തമാനം ഒട്ടും ആശാവഹമല്ല എന്നു കാണിച്ചു. അമേച്വര്‍ നാടകമെന്നാല്‍ പ്രമേയത്തിലും അവതരണത്തിലും എക്കാലത്തും ബാലാരിഷ്ടതകളുടെയും ആവര്‍ത്തനങ്ങളുടേയും പ്രഖ്യാപനങ്ങളാണെന്ന് ഒരു ദേശം നുണ പറയുന്നു, ഉതുപ്പാന്റെ കിണര്‍, വൈദേഹി പറയാനിരുന്നത് എന്നീ ലഘു നാടകങ്ങളും അനുഭവിപ്പിച്ചു.

നാടക തെരഞ്ഞെടുപ്പിലെ സൂക്ഷ്മതക്കുറവും കാഴ്ചപ്പാടില്ലായ്മയും മൂലം യൂറോപ്യന്‍ ഫോക്കസ് എന്ന് വിശേഷിപ്പിച്ച നാടകോത്സവം ഒരു ഒരനൗദ്യോഗിക ഷേക്‌സ്പിയര്‍ ഫെസ്റ്റിവലായി മാറി. ഒരു ഫെസ്റ്റിവല്‍ ഡയറക്ടറുടെ അസാന്നിധ്യം പ്രകടമായ നാടകോത്സവം ഏതാനും ചില അവതരണങ്ങളുടെ ചുവടുപിടിച്ച് രക്ഷപ്പെട്ടു എന്നു പറയാം.

 

photos: Janil Mithra , Bipindas Parappanangadi