അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും

PRP 634അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രണ്ട്‌ ഷിഫ്‌റ്റുകളിലായി തൊഴിലാളികളെ നിയോഗിച്ച്‌ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കോണ്‍ട്രാക്‌ടര്‍ ഉള്‍പ്പടെയുള്ളവരുമായി 20ന്‌ കൊച്ചിയില്‍ യോഗം ചേര്‍ന്ന്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ടൈം ഷെഡ്യൂള്‍ തയ്യാറാക്കും. റെയില്‍വെ ഗേറ്റ്‌, വൈദ്യുതി ലൈന്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കും. ഗതാഗതം സുഗമമാക്കുന്നതിനുള്ള സര്‍വീസ്‌ റോഡുകള്‍ അടുത്ത മാസം 15നകം പൂര്‍ത്തിയാക്കും.
മേല്‍പ്പാലത്തിന്റെ സ്‌ലാബ്‌ സ്ഥാപിക്കുന്നതിനായി കൂടുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യം ട്രാഫിക്‌ അഡൈ്വസറി കമ്മിറ്റിയുമായി കൂടിയാലോചിച്ച്‌ ഉടന്‍ തീരുമാനിക്കും. പകല്‍ സമയത്തും വലിയ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടോയെന്ന കാര്യം പരിശോധിക്കും. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലെത്ത തകരാറിലായ ശുദ്ധജല വിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മേല്‍പ്പാലത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുകഴിഞ്ഞു.
നഗരകാര്യ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി, ടി.എ. അഹമ്മദ്‌ കബീര്‍ എംഎല്‍എ, പൊതുമരാമത്ത്‌ സെക്രട്ടറിയും ആര്‍ബിഡിസി എംഡിയുമായ എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌, ചീഫ്‌ എന്‍ജിനീയര്‍ (എന്‍എച്ച്‌) കെ.പി. പ്രഭാകരന്‍, ആര്‍ബിഡിസി ജനറല്‍ മാനേജര്‍ എന്‍.എസ്‌. ഹേമ, സൂപ്രണ്ടിങ്ങ്‌ എന്‍ജിനീയര്‍ കെ.കെ. അബ്‌ദുല്ലക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.