അഗ്നിശമന സേന ഡിജിപി സ്ഥാനത്ത്‌നിന്ന്‌ ജേക്കബ്‌ തോമസിനെ മാറ്റി

Story dated:Thursday September 17th, 2015,05 02:pm

jacob1തിരുവനന്തപുരം: അഗ്നിശമനസേന ഡിജിപി സ്ഥാനത്തുനിന്ന്‌ ജേക്കബ്‌ തോമസിനെ മാറ്റി. നേതൃമാറ്റം സംബന്ധിച്ച ഉത്തരവ്‌ കിട്ടിയിട്ടില്ലെന്ന്‌ ഡിജിപി വ്യക്തമാക്കി. പോലീസ്‌ കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ്‌ മാറ്റം. ഇന്ന്‌ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ തീരുമാനം. എ ഡി ജി പി അനില്‍കാന്തിനാണ്‌ അഗ്നിശമന സേനയുടെ ചുമതല.

ബാര്‍കോഴ കേസ്‌ അന്വേഷണ സംഘത്തലവനായിരുന്ന സമയത്താണ്‌ എഡിജിപിയായിരുന്ന ജേക്കബ്‌ തോമസിന്‌ ഡിജിപിയായി ഉദ്യോഗക്കയറ്റം നല്‍കിയത്‌. തുടര്‍ന്ന്‌ അദേഹത്തെ വിജിലന്‍സില്‍ നിന്നുമാറ്റി അഗ്നിശമനസേന ഡിജിപിയായി നിയമിക്കുകയായിരുന്നു.

ജേക്കബ്‌ തോമസിനെ മാറ്റണമെന്ന്‌ മന്ത്രിസഭ യോഗത്തില്‍ പല മന്ത്രിമാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ തീരുമാനമുണ്ടായത്‌. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഗ്നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്ന്‌ വ്യക്തിമാക്കി അദേഹം പുറത്തിറക്കിയ സര്‍ക്കുലറും മന്ത്രിമാരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

അതേസമയം സേനയുടെ തലപ്പത്തു നിന്ന്‌ തന്നെ മാറ്റിയതിനെതിരെ പ്രതിഷേധവുമായി ജേക്കബ്‌ തോമസ്‌ രംഗത്തെത്തി. സര്‍ക്കാര്‍ നടപടി തരംതാഴ്‌ത്തലിന്‌ തുല്യമെന്നും തന്റെ നടപടിക്കെതിരെ ആരും കോടതിയില്‍ പോകാത്തത്‌ എന്തുകൊണ്ടാന്നും ജേക്കബ്ബ്‌ തോമസ്‌ ചോദിച്ചു.