അഗ്നിച്ചിറകുമായി സ്‌മൃതിയാത്ര: രണ്ടാം ഘട്ടം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

തിരു: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ നാഷണല്‍ സര്‍വീസ്‌ സ്‌കീം സംസ്ഥാനസെല്ലും സര്‍ക്കാരിന്റെ സുബോധം പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന എ.പി.ജെ.അബ്‌ദുള്‍ കലാം സ്‌മൃതിയാത്ര (അഗ്നിച്ചിറകുമായ്‌) യുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ സംഘടിപ്പിച്ച വര്‍ണാഭമായ ചടങ്ങില്‍ നിരവധി വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു.
വായനയുടെ ലോകത്തേക്ക്‌ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തുക ലഹരിമുക്തമായി ഗ്രാമീണ ഭവനങ്ങള്‍ എന്നിവ ഈ യാത്ര മുന്നോട്ട്‌ വയ്‌ക്കുന്ന ലക്ഷ്യങ്ങളാണ്‌. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട്‌ വരെയാണ്‌ യാത്ര. നൂറ്‌ ദിനങ്ങളിലായി ആയിരം കമ്മ്യൂണിറ്റി ഹോം ലൈബ്രറികളും ഒരുലക്ഷം പുസ്‌തകങ്ങളും പത്തുലക്ഷം വായനക്കാരുമെന്ന ബൃഹത്തായ ആശയം യാത്രക്ക്‌ കരുത്ത്‌ പകരുന്നു.
കടല്‍ത്തീരത്ത്‌ തീര്‍ത്ത എ.പി.ജെ.അബ്‌ദുള്‍ കലാമിന്റെ മണല്‍ ശില്‌പത്തില്‍ മുഖ്യമന്ത്രി പുഷ്‌പാര്‍ച്ചന നടത്തി. ആരോഗ്യ കുടുംബക്ഷേമ – ദേവസ്വം വകുപ്പ്‌ മന്ത്രി വി.എസ്‌.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കെ.പി.നൗഫല്‍ സ്വാഗതം പറഞ്ഞു. സുബോധം ഡയറക്ടര്‍ ഡോ.കെ.അമ്പാടി ആമുഖ പ്രസംഗം നടത്തി. സോമന്‍ വെട്ടുകാട്‌, ഷീബാ പാട്രിക്‌, സജിത്‌ ബാബു, സുബാഷ്‌ ചന്ദ്രബോസ്‌, ജി.സാജന്‍, ജോണ്‍സണ്‍ ജെ.ഇടയാറന്മുള എന്നിവര്‍ ആശംസകളര്‍പ്പിച്ചു.