അഗസ്‌ത്യാര്‍കൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ചു; വനംവകുപ്പിന്റെ ഉത്തരവ്‌ വിവാദമാകുന്നു

downloadതിരുവനന്തപുരം: അഗസ്‌ത്യാര്‍കൂടത്തില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിഷേധിച്ച്‌ വനംവകുപ്പിന്റെ ഉത്തരവ്‌ വിവാദമാകുന്നു. വനം വകുപ്പിന്റെ അഗസ്‌ത്യാര്‍കൂടം ട്രക്കിങ്ങ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പുറത്തിറക്കിയ ഉത്തരവിലാണ്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമില്ലെന്ന്‌ വ്യക്തമാക്കുന്നത്‌. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌.

വനംവകുപ്പ്‌ പുറത്തിറക്കിയിരിക്കുന്ന സെര്‍കുലറില്‍ 14 വയസിന്‌ താഴെയുള്ള കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും പ്രവേശനമില്ലെന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഒരു ദിവസം നൂറ്‌ പേര്‍ക്ക്‌ പ്രവേശനം നല്‍കുന്ന ട്രക്കിംഗ്‌ മാര്‍ച്ച്‌ 7 വരെ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം പോലും സ്‌ത്രീകള്‍ക്ക്‌ സൗകര്യമൊരുക്കിയിട്ടില്ല. വനം വകുപ്പിന്റെ പുതിയ ഉത്തരവ്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ അപകടസാധ്യത മുന്‍നിര്‍ത്തിയാണ്‌ സ്‌ത്രീകളെ ഒഴിവാക്കിയതെന്നാണ്‌ വനംകുപ്പിന്റെ അനൗദ്യോഗിക വിശദീകരണം. ശബരിമലയിലടക്കം സ്‌ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന്‌ സൂപ്രീംകോടതിയുടെ പരാമര്‍ശം പുറത്തു വന്നിരിക്കെ ആചാരമോ അനുഷ്‌ഠാനമോ വിലക്കാത്ത അഗസ്‌ത്യാര്‍കൂടത്തില്‌ സ്‌ത്രീകള്‍ക്ക്‌ സര്‍ക്കാര്‍ തന്നെ പ്രവേശനം നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.