‘അക്കോസേട്ടാ ‘ഉണ്ണിക്കുട്ടന്‍’ വിളിക്കുന്നു.

തിരു: ആ പഴയ ഉണ്ണിക്കുട്ടനെ ഓര്‍ക്കുന്നില്ലേ? ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ‘യോദ്ധാ’ എന്ന ചിത്രത്തില്‍ അക്കോസേട്ടാ എന്നു വിളിച്ച് മോഹന്‍ലാലിന്റെ പിന്നാലെ നടന്ന് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ഉണ്ണിക്കുട്ടനെന്ന കൊച്ചു ലാമയെ. ഉണ്ണിക്കുട്ടനെന്ന സിദ്ധാര്‍ത്ഥിന് വീണ്ടും അക്കോസേട്ടനെ കാണാന്‍ യോഗം.
ലെനിന്‍ രാജേന്ദ്രന്റെ ‘ഇടവപ്പാതി’ എന്ന ചിത്രത്തിലഭിനയിക്കാന്‍ കേരളത്തിലെത്തിയ സിദ്ധാര്‍ത്ഥ് തിരുവനന്തപുരം സ്മാരകട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കവേയാണ് തന്റെ മോഹം വെളിപ്പെടുത്തിയത്.

സിദ്ധാര്‍ത്ഥ് നേപ്പാളില്‍ ഒരു സിനിമാക്കാരനായല്ല അറിയപ്പെടുന്നത്. അദ്ദേഹം വിദ്യാലയങ്ങളിലും കോളേജുകളിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സജീവ പ്രവര്‍ത്തകനായിട്ടാണ്.
‘ഇടവപ്പാതി’ എന്ന ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. കരുണയിലെ ഉപഗുപ്തനും പുതിയകാലത്തെ ലാമയുമാണവര്‍. ലാമമാരുടെ ആത്മസംഘര്‍ഷത്തിന്റെ കഥ പറയുന്ന ‘ഇടവപ്പാതി’ യുടെ ഷൂട്ടിംങ് കുടകിലാണ് നടക്കുന്നത്.
ഈ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലാണ് ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്കേറ്റത് ഇത് ചിത്രത്തിന്റെ ഷൂട്ടിംങിനെ ബാധിച്ചിട്ടുണ്ട്.
ഈ ചിത്രത്തിലെ ഉപഗുപ്തനെ, ഉണ്ണിക്കുട്ടനെ പോലെ മലയാളപ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് സിദ്ധാര്‍ത്ഥിന്റെ വിശ്വാസം.