അംഗീകൃത മണല്‍ തൊഴിലാളികള്‍ ദുരിതത്തില്‍

Untitled-1 copyകോട്ടക്കല്‍ : മണല്‍വാരല്‍ നിരോധനം മൂലം വര്‍ഷങ്ങളായി തൊഴിലില്ലാതെ അംഗീകൃത തൊഴിലാളികള്‍ ദുരിതത്തില്‍. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം അംഗീകൃത കടവുകളിലെ ആയിരത്തിലധികം അംഗീകൃത തൊഴിലാളികളാണ്‌ മണല്‍വാരല്‍ നിരോധനം അനിശ്ചിതമായി തുടരുന്നതോടെ ദുരിതത്തിലായത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറാണ്‌ മലപ്പുറം ജില്ലയില്‍ മണല്‍വാരലിന്‌ നിരോധനമേര്‍പ്പെടുത്തിയത്‌.
വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മണല്‍നിരോധനം മൂലമുണ്ടായ നിര്‍മാണമേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരമായി കൊണ്ടുവന്ന ഇ-മണല്‍ പദ്ധതിയും നിലച്ചമട്ടാണ്‌. ദരിദ്രകുടുംബങ്ങളിലെ അത്താണികളായ തൊഴിലാളികള്‍ മണല്‍നിരോധനം നീക്കണമെന്നാവശ്യപ്പെട്ട്‌ പലതവണ അധികൃതരുമായും ജനപ്രതിനിധികളുമായും സംവദിച്ചെങ്കിലും വ്യക്തമായ ഒരു മറുപടിയും അധികൃതരില്‍ നിന്നുണ്ടായില്ലന്ന്‌ തൊഴിലാളികള്‍ പരാതിപ്പെടുന്നു. മണല്‍വാരല്‍ നിലച്ചതോടെ ലക്ഷങ്ങള്‍ വിലവരുന്ന തോണികള്‍ പുഴയില്‍ കിടന്നുനശിക്കുകയാണ്‌. ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന്‌ യാതൊരു ആനുകൂല്യവും ലഭിച്ചില്ലന്നും പരാതിയുണ്ട്‌.
പുഴസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള നടപടി മുതലെടുത്ത്‌ അനധികൃത മണല്‍കടത്തുകേന്ദ്രങ്ങള്‍ ജില്ലയില്‍ വ്യാപകമായതോടെ സര്‍ക്കാര്‍ നിര്‍ദേശത്തിന്‌ വിപരീത ഫലമാണുണ്ടായത്‌. നിരോധനം മൂലം അംഗീകൃത തൊഴിലാളികള്‍ക്ക്‌ ജോലി പോയത്‌ ഒഴിച്ചുനിര്‍ത്തിയാല്‍ അഞ്ചൂറിലധികം അനധികൃത കടവുകളിലായി ദിനംപ്രതി ലോഡുകണക്കിന്‌ മണലാണ്‌ പൊന്നുംവില ഈടാക്കി ആവശ്യക്കാരിലെത്തിക്കാന്‍ സംഘങ്ങള്‍ മത്സരിക്കുന്നത്‌. പരമ്പരാഗത മണല്‍വാരല്‍ സാമഗ്രികളില്‍ നിന്ന്‌ വ്യത്യസ്ഥമായി പുഴയില്‍ വലിയ കൂഴികള്‍ രൂപപ്പെടുത്തും വിധം കോരുവലകള്‍ പോലുള്ള സാമഗ്രികളാണ്‌ അനധികൃത മണല്‍കടത്തുകാര്‍ ഉപയോഗിക്കുന്നത്‌. പരാതികളില്‍ വ്യാപകമാവുമ്പോള്‍ ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ തോണികള്‍ പിടികൂടി നശിപ്പിക്കാറുണ്ടങ്കിലും ജില്ലയില്‍ അനധികൃത മണല്‍വാരല്‍ നിര്‍ബാധം തുടരുകയാണ്‌. പുതിയ സര്‍ക്കാര്‍ ഭരണത്തിലെങ്കിലും മണല്‍ നിരോധനം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ്‌ തൊഴിലാളികള്‍.

ഫോട്ടോ മെയില്‍ ചെയ്യും

ഫോട്ടോ ക്യാപ്‌ഷന്‍- ജില്ലയിലെ മണല്‍വാരല്‍ നിരോധനം മൂലം പുഴയില്‍ കിടന്നുനശിക്കുന്ന തോണികള്‍. വെന്നിയൂര്‍ കാച്ചടി തേര്‍ക്കയം കടവില്‍ നിന്നൊരു കാഴ്‌ച്ച